അബുദാബി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ. രണ്ട് വര്‍ഷം തടവും 30,000 ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ഇവര്‍ക്ക് ശിക്ഷ ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ചൊവ്വാഴ്ച നടന്ന ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാന്‍ അംഗീകാരം നല്‍കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.
വ്യാജ രേഖ ചമക്കലും ജോലി തട്ടിപ്പും ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. യോഗ്യതയുടെ ആധികാരികത ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തും. ബിരുദം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും കൃത്യത ഉറപ്പാക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ച അറിവില്ലായ്മ എന്ന ന്യായീകരണമൊന്നും ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ പര്യാപ്തമാകില്ല.
വ്യാജ ബിരുദങ്ങളൊന്നും മന്ത്രാലയം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും എന്നാല്‍, വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനുള്ള 143 നീക്കങ്ങള്‍ 2018-ല്‍ ഉണ്ടായതായും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നതിന് മുന്‍പ് അതത് രാജ്യങ്ങളുടെ എംബസി പോലുള്ള അതോറിറ്റികളുടെ മുദ്ര പതിപ്പിച്ചിട്ടുേണ്ടാ എന്ന് പരിശോധിക്കണം. തുടര്‍ന്ന് യൂണിവേഴ്‌സിറ്റികളില്‍ അന്വേഷിച്ച് യഥാര്‍ത്ഥ ബിരുദമാണോ എന്ന് ഉറപ്പുവരുത്തും.
അബൂദബിയിലെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിതേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ മന്ത്രാലയം അംഗീകരിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്. എന്നാല്‍, എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ നിയമം പിന്തുടരേണ്ടതില്ല. അനധികൃതമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകും.