കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി ഫെസലിന്റെ സിനിമാ ബന്ധം അന്വേഷിക്കണമെന്ന് ബിജെപി. ഇക്കാര്യത്തില്‍ താരസംഘടനയായ അമ്മ മറുപടി പറയണമെന്ന് എം.ടി രമേശ് ആവശ്യപ്പെട്ടു. ഫൈസലിന് ഇടത് അനുഭാവമുള്ള സംവിധായകരുമായി ബന്ധമുണ്ടെന്നും എംടി രമേശ് ആരോപിച്ചു.
ഫൈസല്‍ ഫരീദ് നാല് സിനിമകള്‍ക്ക് വേണ്ടി പണം ചെലവഴിച്ചതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിലെ ന്യൂജെന്‍ സംവിധായകന്റെയും മുതിര്‍ന്ന സംവിധായകന്റെയും ചിത്രങ്ങള്‍ക്ക് പണം നല്‍കിയിട്ടുണ്ട്. അരുണ്‍ ബാലചന്ദ്രന്‍ വഴിയാണ് സിനിമ മേഖലയില്‍ പണം എത്തിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ ഫൈസലിന് അറിയാമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ഫൈസല്‍ ഫരീദിനെ ദുബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിവരം. ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.












