ന്യൂഡല്‍ഹി: ഫേസ്ബുക്ക് നിരോധനം എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും ബാധകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. സിആര്‍പിഎഫ്, ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ്, എന്‍എസ്ജി വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.
ഫേസ്ബുക്ക് പോലുള്ള ആപ്പുകളിലൂടെ രഹസ്യവിവരങ്ങള്‍ ചോരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ട്രൂ കോളര്‍, പബ്ജി തുടങ്ങിയ 89 ആപ്പുകള്‍ ജൂലൈ 15നുള്ളില്‍ ഫോണില്‍നിന്ന് നീക്കം ചെയ്യാന്‍ കരസേന നേരത്തെ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍ദേശം എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. നിലവില്‍ സേവനത്തിലുള്ള സൈനികരുമായി നിരന്തരം ബന്ധപ്പെടുന്നതിനാലാണ് ഇത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ നാവികസേന 85 ആപ്പുകളുടെ ഉപയോഗം ഫെബ്രുവരിയില്‍ തന്നെ നിരോധിച്ചിരുന്നു. നാവികസേന ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെയായിരുന്നു ഇത്.