രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കാനൊരുങ്ങി ഫേസ്ബുക്ക്. അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫേസ്ബുക്കിന്‍റെ തീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെ ഉള്ള രാഷ്ട്രീയ പരസ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഫേസ് ബുക്ക് വഴിയുള്ള രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരേധനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.
അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രാഷ്ട്രീയ പരസ്യങ്ങള്‍ക്കെതിരെ നേരത്തെ കടത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പരസ്യനയത്തില്‍ ചില മാറ്റങ്ങള്‍ ഫേസ് ബുക്ക് പ്രഖ്യാപിച്ചിരുന്നു.
അതേസമയം സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളെ മാനിക്കുന്നു എന്ന് അവകാശപ്പെടുന്ന ഫേസ്ബുക്ക്, വിദ്വേഷ പ്രസംഗം, തെറ്റായ സന്ദേശങ്ങളും വിവരങ്ങളും ജനങ്ങളില്‍ എത്തിക്കുക, വോട്ടര്‍മാരെ അടിച്ചമര്‍ത്തുക തുടങ്ങിയവ നിയന്ത്രിക്കുന്നതിനു പകരം രാഷ്ട്രീയ സംഭാഷണങ്ങളെ പൂര്‍ണമായും നിരോധിക്കുകയാണ് ചെയ്യുന്നതെന്ന് കളര്‍ ഓഫ് ചേഞ്ച് പ്രസിഡന്‍റ് റഷാദ് റോബിൻസൺ ട്വീറ്റ് ചെയ്തു.
രാഷ്ട്രീയ പരസ്യങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ട്വിറ്റര്‍ രാഷ്ടീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.