ഫേസ്ബുക്ക് – ബിജെപി ബന്ധം പുറത്ത് വന്നതോടെ വിവാദം പാര്ലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും. വിദ്വേഷ പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തില്‍ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗില്‍ ഹാജരാകാന്‍ ഫേസ്ബുക്ക് ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിസി മേധാവി അങ്കി ദാസിനടക്കം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
നോട്ടീസ് നല്‍കിയത് സമിതിയില്‍ ചര്‍ച്ച ചെയ്യാതെയാണെന്ന് കാട്ടി അധ്യക്ഷന്‍ ശശി തരൂരിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയെങ്കിലും പിന്നീട് ബിജെപി അനുകൂലിച്ചു. മോദിയുടെയും ബിജെപിയുടെയും വിജയത്തിനായി ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവി അങ്കി ദാസ് ഇടപെട്ടതായി വാൾ സ്ട്രീറ്റ് ജേർണൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തൽ നടത്തിയിരുന്നു. ബിജെപിയെ ഉയർത്തി കാണിക്കാനും പ്രതിപക്ഷത്തെ താഴ്ത്തികെട്ടാനുമുള്ള ശ്രമങ്ങളാണ് നടന്നത്.
ഇതിനിടെ ഫെയ്സ് ബുക്ക് ഇന്ത്യ പക്ഷപാതിത്വം കാട്ടുന്നുവെന്ന ആക്ഷേപവുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തി. അതൃപ്തിയറിയിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയക്കുകയായിരുന്നു. പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു. സാമൂഹിക അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം. ബിജെപി അനുകൂല പോസ്റ്റുകള്‍ മാത്രം ഡിലീറ്റ് ചെയ്യപ്പെടുന്നു എന്നിവയായിരുന്നു ആരോപണങ്ങള്‍.



















