ന്യൂഡല്‍ഹി: കുട്ടികളെ ദുരുപയോഗം ചെയ്യുന്ന തരത്തലുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി ഫേസ്ബുക്ക്. കുട്ടികളെ ഇരയാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ആളുകള്‍ പങ്കിടുന്നത് തടയുമെന്ന് ഫേസ്ബുക്ക് ആഗോള സുരക്ഷ മേധാവി ആന്റിഗോണ്‍ ഡേവിസ് പറഞ്ഞു. ഫേസ്ബുക്കിന്റെ റിപ്പോര്‍ട്ടിങ്ങ് ഉപകരണങ്ങളിലും മാറ്റം വരുത്തിക്കഴിഞ്ഞതായി ഡേവിസ് അറിയിച്ചു.
ഈ ആശയം മുന്നില്‍ നിര്‍ത്തി പുതിയ രണ്ട് ടൂളുകള്‍ പരീക്ഷണം ആരംഭിച്ചതായും ആന്റിഗോണ്‍ ഡേവിസ് പറഞ്ഞു. ടൂളുകളില്‍ ഒന്ന് ഉള്ളടക്കം തിരഞ്ഞു കണ്ടുപിടിക്കുന്നതിനും മറ്റൊന്ന് ദുരുപയോഗസാധ്യമായ ഉള്ളടക്കം പങ്കിടുന്നത് ഒഴിവാക്കുന്നതിനുമാണ്. ഉള്ളടക്കങ്ങള്‍ ഒഴിവാക്കുക മാത്രമല്ല കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ്ങ് ആന്‍ഡ് എക്സ്പ്ലോയ്റ്റഡ് ചില്‍ഡ്രണില്‍ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതുമാണ് രണ്ടാമത്തെ ടൂള്‍. കുട്ടികളെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതോ ഷെയര്‍ ചെയ്യുന്നതോ അംഗീകരിക്കാനാവില്ലെന്നും ഡേവിസ് പറഞ്ഞു.