ദുബായ്: രണ്ട് ദിവസത്തെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ബുധനാഴ്ച യു.എ.ഇയില്‍ എത്തും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രി ബഹ്‌റൈനില്‍ നിന്നും യുഎഇയില്‍ എത്തുക .
അന്താരാഷ്ട്ര കാര്യങ്ങള്‍ക്കായുള്ള വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫയാണ് മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്. പിന്നീട് അദ്ദേഹം, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ വിയോഗത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം അദ്ദേഹം ബഹ്‌റൈന്‍ സര്‍ക്കാരിനെ അറിയിച്ചു. ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
വ്യാഴാഴ്ച യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നെഹ്‌യാനുമായി കൂടിക്കാഴ്ച നടത്തും. കൂടുതല്‍ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യും. കോവിഡ് എത്തിയ ശേഷം ഇന്ത്യന്‍ തൊഴിലാളികളുടെ ജോലി സ്ഥിരതയെകുറിച്ചും ചര്‍ച്ച നടക്കും. 26ന് യുഎഇയില്‍ നിന്ന് സീഷെല്‍സിലേക്ക് തിരിക്കും.27,28 തീയതികളിലാണ് സീഷെല്‍സ് സന്ദര്‍ശനം.