റിയാദ്: സൗദിയില്‍ വിദേശികളെ മാനേജര്‍മാരായി നിയമിക്കാമെന്ന് നീതിന്യായ മന്ത്രാലയം. സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ വിദേശികളെ മാനേജര്‍മാരായി നിയമിക്കാന്‍ അനുമതിയുള്ളതായും വിലക്ക് നീക്കിയതായുമാണ് സ്ഥിരീകരണം. വിദേശികളെ നിയമാനുസൃത പ്രതിനിധികളായി നിയമിക്കുന്നത് വിലക്കുന്ന,ഉത്തരവുകള്‍ പ്രകാരം അധികാരങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് അനുശാസിക്കുന്ന, ഹിജ്റ 1426 ല്‍ പ്രഖ്യാപിച്ച മന്ത്രിതല തീരുമാനത്തിന്റെ രണ്ടാം ഖണ്ഡിക പാലിക്കുന്നത് നിര്‍ത്തി വെച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.
ഇക്കാര്യം അറിയിച്ച് നീതിന്യായ മന്ത്രി ഡോ.വലീദ് അല്‍ സ്വംആനി സര്‍ക്കുലര്‍ പുറത്തിറക്കി. സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ മാനേജര്‍മാരായി വിദേശികളെ നിയമിക്കാന്‍ അനുവദിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍ പെട്ടിരുന്നെന്നും ഇതേ കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച കര്‍മ സമിതി, വിദേശികളെ സൗദി കമ്പനി മാനേജര്‍മാരായി നിയമിക്കുന്നതിന് നിയമ തടസ്സമില്ലെന്ന് അറിയിച്ചതായും നാഷണല്‍ കോംപറ്റിറ്റീവ്നെസ് സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ വാണിജ്യ മന്ത്രിയില്‍ നിന്ന് നീതിന്യായ മന്ത്രാലയത്തിന് അടിയന്തര സന്ദേശം ലഭിച്ചതായി സര്‍ക്കുലറില്‍ മന്ത്രി അറിയിച്ചു.