ഗള്‍ഫ് ഇന്ത്യന്‍സ്.കോം
പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വഴി വോട്ടു രേഖപ്പെടുത്താന്‍ അവസരമൊരുക്കുന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയില്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇല്ല. പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വഴി വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ താല്‍പര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇടം പിടിക്കാതെ പോയത്.
അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ജര്‍മനി, ഫ്രാന്‍സ്, ആസ്ത്രേലിയ, ജപ്പാന്‍ എന്നിവയാണ് പോസ്റ്റല്‍ വോട്ട് സമ്പ്രദായം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇടം നേടിയ രാജ്യങ്ങള്‍. തെരഞ്ഞെടുപ്പു കമീഷന്‍ ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനു നല്‍കിയ നിര്‍ദേശത്തെ അടിസ്ഥാനമാക്കി ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഗള്‍ഫ് രാജ്യങ്ങളില്‍ അധിവസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യാക്കാരെ പൈലറ്റ് പദ്ധതിയില്‍ നിന്നും ഒഴിവാക്കിയത് കേരളത്തിനോടുള്ള അവഗണനയുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്. വോട്ടു ചെയ്യാനായി രജിസ്റ്റര്‍ ചെയ്ത വിദേശ ഇന്ത്യാക്കാരില്‍ ഭൂരിഭാഗവും കേരളത്തില്‍ വോട്ടു രേഖപ്പെടുത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 87,651 പേരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. വോട്ടു രേഖപ്പെടുത്തിയ 25,606 പ്രവാസികളില്‍ 25,534 പേരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു.
ഗള്‍ഫ് പ്രവാസികളില്‍ നല്ലൊരു പങ്കും ബിജെപി അനുകൂല മനോഭാവം പുലര്‍ത്തുന്നവര്‍ അല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയിലെ രാജ്യങ്ങളെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയതെന്നും കണക്കാക്കപ്പെടുന്നു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി, ഹൈക്കമ്മീഷനുകള്‍ വഴി പ്രവാസികള്‍ക്കായ ഇന്ത്യാക്കാര്‍ക്ക് തപാല്‍ വോട്ടു ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്ന പൈലറ്റു പദ്ധതിയാണ് കമീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിച്ചിട്ടുള്ളത്.

















