തിരുവനന്തപുരം: അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പരീക്ഷ നടത്താന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജോലി ലഭിച്ചവര്‍ക്കും വിവിധ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായി പ്രവേശനം ലഭിച്ചവര്‍ക്കും പരീക്ഷകള്‍ നീണ്ടു പോകുന്നതു മൂലം അവസരങ്ങള്‍ നഷ്ടമാകാതിരിക്കാനാണ് സര്‍വകലാശാലയുടെ പുതിയ തീരുമാനം.
അവസാന സെമസ്റ്റര്‍ ഒഴികെയുള്ള എല്ലാ സെമെസ്റ്ററുകള്‍ക്കും യൂണിവേഴ്‌സിറ്റി പരീക്ഷ ഒഴിവാക്കുവാന്‍ സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. യു.ജി.സി നിര്‍ദ്ദേശങ്ങള്‍ പ്രകാരം മുന്‍സെമസ്റ്റര്‍ പരീക്ഷകളിലെ ശരാശരി ഗ്രേഡുകള്‍ക്ക് ആനുപാതികമായി മാര്‍ക്കുകള്‍ നല്‍കുവാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. ഇങ്ങനെ ലഭിക്കുന്ന നൂറു മാര്‍ക്കിനൊപ്പം ആഭ്യന്തര മൂല്യനിര്‍ണയം വഴി അന്‍പതില്‍ ലഭിച്ച മാര്‍ക്ക് ഏകീകരിക്കും.
ഈ രണ്ടു മാര്‍ക്കുകളും ചേര്‍ത്ത് നൂറ്റിഅമ്പത് മാര്‍ക്കിനാണ് ഗ്രേഡുകള്‍ നിശ്ചയിക്കുന്നത്. ഇതിനൊപ്പം എല്ലാ വിഷയങ്ങള്‍ക്കും അഞ്ച് ശതമാനം പൊതു മോഡറേഷന്‍ മാര്‍ക്കും അധികമായി നല്‍കും. മുന്‍ സെമസ്റ്ററുകളിലെ എല്ലാ വിഷയങ്ങളും വിജയിക്കുന്ന മുറയ്‌ക്കാണ് ഈ സെമസ്റ്ററിന്റെ ഗ്രേഡ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.
ഈ രീതിയില്‍ ലഭിക്കുന്ന ഗ്രേഡുകള്‍ തൃപ്തികരമല്ലെങ്കില്‍ അവ റദ്ദു ചെയ്യുവാനും തുടര്‍ന്ന് അതേ വിഷയത്തിലെ അടുത്ത പരീക്ഷ എഴുതുവാനും അനുവദിക്കും. നിലവിലെ രണ്ട്, നാല്, ആറ് സെമസ്റ്ററുകളിലെ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് ബാധകം. ഇതോടൊപ്പം നിലവിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഒന്നാം സെമസ്റ്ററിലെ ഏതെങ്കിലും രണ്ടുവിഷയങ്ങളിലെ മാര്‍ക്കുകള്‍ മെച്ചപ്പെടുത്തുവാനുള്ള അവസരവും അധികമായി നല്‍കും.
അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തണമെന്ന യു.ജി.സി നിര്‍ദേശമുള്ളതു കൊണ്ട് യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി കോളേജ് തലത്തില്‍ പരീക്ഷ നടത്തും. ഈ പരീക്ഷകളുടെ നടത്തിപ്പിനെപ്പറ്റിയുള്ള വിശദമായ നിര്‍ദ്ദേശങ്ങളും മറ്റു വിവരങ്ങളും യൂണിവേഴ്സിറ്റി ഉടന്‍ തന്നെ പ്രസിദ്ധപ്പെടുത്തും.
ഓരോ വിഷയത്തിലും കോളേജ് തലത്തില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ വിദ്യാര്‍ത്ഥികളുടെ മുന്‍ സെമസ്റ്ററുകളിലെ ശരാശരി ഗ്രേഡുകള്‍ക്ക് ആനുപാതികമായി ഏകീകരിക്കും. യൂണിവേഴ്‌സിറ്റി നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നടത്തുന്ന കോളേജ് തല പരീക്ഷകള്‍ വഴി ഗ്രേഡുകള്‍ നേടുവാന്‍ താല്പര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷയില്‍ ലഭിച്ച ഗ്രേഡുകള്‍ മെച്ചപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സെപ്റ്റംബറില്‍ നടത്തുന്ന യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ അവസരം ലഭിക്കും.