കോട്ടയം: ഏറ്റുമാനൂര്‍ മാര്‍ക്കറ്റ് നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് അടച്ചിടും. മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നാളെ വൈകുന്നേരം അഞ്ചുമുതല്‍ അഞ്ച് ദിവസം അടച്ചിടാന്‍ തീരുമാനിച്ചത്.
ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് രോഗം കണ്ടെത്തിയത്. ഇവരെ പള്ളിക്കത്തോട്ടിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. മത്സ്യവ്യാപാരികളില്‍ നിന്ന് പെട്ടികളെടുത്ത് അടുക്കിവയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവരാണ് ഇവര്‍. രണ്ട് പേരുടെയും രോഗ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 48 തൊഴിലാളികള്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പുലര്‍ച്ചെ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിശോധന.
അതേസമയം, ഇവരുടെ സമ്പര്‍ക്കപട്ടിക വിപുലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.