തിരുവനന്തപുരം: മൂന്ന് ഇഎസ്ഐ ആശുപത്രികളില്‍ അഞ്ച് കിടക്കകള്‍ വീതമുള്ള ലെവല്‍ ഒന്ന് തീവ്രപരിചരണ യൂണിറ്റ് ഉള്‍പ്പെടെ 11.73 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തോട്ടട, പാലക്കാട്, മുളങ്കുന്നത്തുകാവ് ഇഎസ്ഐ ആശുപത്രികളിലാണ് തീവ്രപരിചരണ യൂണിറ്റ് സ്ഥാപിക്കുന്നത്. 2020-21 ലെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ പ്ലാന്‍ അനുസരിച്ചാണിത്. ഇതിനായി ഒരു കോടി രൂപ വീതം അനുവദിച്ചു. പദ്ധതിപ്രകാരം വിവിധ ആശുപത്രികളിലെ സ്പെഷ്യാലിറ്റി ചികിത്സക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങള്‍ വാങ്ങും. ഒമ്പത് ഇഎസ്ഐ ആശുപത്രികളിലും സിസിടിവി സ്ഥാപിക്കും.
2019-20ലെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ പ്ലാനില്‍ 10.17 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് പേരൂര്‍ക്കട, ആലപ്പുഴ, വടവാതൂര്‍, എറണാകുളം, ഒളരിക്കര, ഫറോക്ക് ആശുപത്രികളില്‍ തീവ്രപരിചരണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി നടന്നുവരികയാണ്. തൃശൂര്‍ ജില്ലയിലെ ഒളരിക്കര ഇഎസ്ഐ ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ്, മുളങ്കുന്നത്തുകാവ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്, എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഇഎസ്ഐ ആശുപത്രികളിലേക്കും ഡിസ്പന്‍സറികളിലേക്കും മരുന്നും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനായി 46 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. സംസ്ഥാനത്തെ ഇഎസ്ഐ ആശുപത്രികളുടെയും ഡിസ്പന്‍സറികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടി സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് എല്ലാ ആശുപത്രികളിലും ഐസിയു സ്ഥാപിക്കുന്നത്. തീവ്രപരിചരണവിഭാഗം ആരംഭിക്കുന്നത് ഇഎസ്ഐ ഗുണഭോക്താക്കള്‍ക്ക് ഏറെ സഹായമാകും.


















