തിരുവനന്തപുരം: മാലിന്യം കുന്നുകൂടിയിരുന്ന എരുമക്കുഴി ഇപ്പോള്‍ അതിമനോഹര ഉദ്യാനമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം നഗരസഭ നിര്‍മ്മിച്ച പാര്‍ക്കും ‘സന്മതി’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചെറിയ നടപ്പാത, ഇരിക്കാന്‍ ബെഞ്ച്, ജനധാരകള്‍, ആകര്‍ഷകമായ പ്രകാശവിന്യാസം തുടങ്ങിയവയെല്ലാം ഉദ്യാനത്തില്‍ ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണ സന്ദേശങ്ങളും ഒരാള്‍ മാലിന്യം നീക്കി ചെടി നടുന്ന ശില്‍പ്പവും ‘സന്മതി’ക്ക് മോഡി കൂട്ടുന്നു.
വിളപ്പില്‍ശാല പൂട്ടിയതോടെയാണ് എരുമക്കുഴിയില്‍ മാലിന്യം കുന്നുകൂടിയത്. 2388 ക്യുബിക് മീറ്റര്‍ മാലിന്യമുണ്ടെന്നാണ് സാനിറ്റേഷന്‍ സര്‍വേയില്‍ കണ്ടെത്തിയത്. ഇത് നീക്കം ചെയ്യാന്‍ 24 ലക്ഷത്തോളം ചെലവാണെന്നും വിലയിരുത്തി. എന്നാല്‍ മാലിന്യം നീക്കി ഇവിടം ഉദ്യാനമാക്കാനാണ് നഗരസഭ തീരുമാനിച്ചത്. ലോക്ഡൗണ്‍ വില്ലനായെത്തിയെങ്കിലും പുനരധിവസിപ്പിച്ച അതിഥി തൊഴിലാളികളെയും തെരുവില്‍ കഴിഞ്ഞവരെയും ഉപയോഗിച്ച് 13 ലക്ഷം രൂപ ചെലവില്‍ ഉദ്യമം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.
‘ജോലിചെയ്തവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ശമ്പളം നല്‍കിയിരുന്നത്. ഏപ്രില്‍ 21ന് തുടങ്ങിയ മാലിന്യനീക്കം ജൂലൈ ആയപ്പോഴേക്കും പൂര്‍ത്തിയാക്കി. പിന്നീടാണ് ഉദ്യാനത്തിന്റെ പണികള്‍ തുടങ്ങിയത്. പ്ലസ് വണ്‍ പഠിക്കുന്ന കുട്ടിയാണ് സന്മതി എന്ന പേര് നിര്‍ദേശിച്ചത്.’-കെ ശ്രീകുമാര്‍ പറഞ്ഞു.