കോഴിക്കോട്: എഫ്എംസിജി, ഭക്ഷ്യ വ്യവസായങ്ങള്‍ക്ക് ഇആര്‍പി സേവനങ്ങള്‍ നല്‍കുന്ന ടെക്നോറസ് ഇന്‍ഫോ സൊല്യൂഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 40 ല്‍പരം രാജ്യങ്ങളിലെ വ്യവസായങ്ങള്‍ ടെക്നോറസിന്‍റെ ഉത്പന്നങ്ങള്‍ ഉപയോഗിച്ചു വരുന്നു.
പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി നിര്‍വഹിച്ചു. കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, കമ്പനി ഡയറക്ടര്‍മാരായ ജെസാദ് മൂഴിയാന്‍, യാസിര്‍ മൂഴിയാന്‍ എന്നിവരും സന്നിഹിതരായിരുന്നു.
സമുദ്രോത്പന്നം, മാംസം, പാല്‍, കോഴി, പഴം-പച്ചക്കറി, എഫ്എംസിജി എന്നീ വിഭാഗങ്ങളിലെ വ്യവസാങ്ങളാണ് മുഖ്യമായും ഇവരുടെ ഐടി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഇതു കൂടാതെ വന്‍കിട അലക്ക് കമ്പനികളും ഇവരുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു. 2016 ല്‍ സ്ഥാപിതമായ ടെക്നോറസ് ഇന്‍ഫോ സൊല്യൂഷന്‍സ് ഐഎസ്ഒ അംഗീകൃതമാണ്.
അടുത്തിടെ മൂന്ന് കമ്പനികള്‍ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പെട്രോളിയം വ്യവസായങ്ങള്‍ക്ക് സൈബര്‍ സുരക്ഷ സംബന്ധിച്ച എന്‍ജിനീയറിംഗ് സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ഡിഫോര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ബിസിനസ് സംരംഭങ്ങള്‍ക്ക് സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന ഇആര്‍ഇ ബിസിനസ് സൊല്യൂഷന്‍സ്, ഇആര്‍പി സേവനങ്ങള്‍ നല്‍കുന്ന ടെക് ലോജിക്ക ഐടി ഡിറ്റി സൊല്യൂഷന്‍സ് എന്നിവയാണ് സമീപകാലത്ത് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
നേരിട്ട് 1500 തൊഴിലവസരം പ്രദാനം ചെയ്യാന്‍ ശേഷിയുള്ള സ്ഥാപനമാണ് കോഴിക്കോട് സൈബര്‍ പാര്‍ക്ക്. മൂന്നു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സഹ്യ കെട്ടിട സമുച്ചയത്തില്‍ 60 ശതമാനം സ്ഥലവും വാടകയ്ക്ക് പോയിക്കഴിഞ്ഞു. 45 കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കോവിഡ് അനന്തര സമയത്ത് 15 കമ്പനികളാണ് സ്ഥലത്തിന്‍റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത് 3 മുതല്‍ 6 മാസനത്തിനുള്ളില്‍ അനുവദിച്ചു നല്‍കും.