തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെതിരെ കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ആരെയും സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനില്ല. സ്വര്‍ണക്കടത്ത് അന്വേഷണം അതിന്റെ വഴിക്ക് പോകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു രീതിയിലും ഭയക്കേണ്ട സാഹചര്യമില്ലെന്നും ജയരാജന്‍ പ്രതികരിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ശിവശങ്കറിനെ ഉടന്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തേക്കുമെന്ന വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് ഇ.പി ജയരാജന്‍ ശിവശങ്കറിനെ പരസ്യമായി തള്ളി രംഗത്തെത്തിയത്.
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. സമിതി ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി സി.പി.എം നേതാക്കളുമായും സി.പി.ഐ മന്ത്രിമാരുമായും ചര്‍ച്ച നടത്തി.
ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ട് വരെട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചത്. എന്നാല്‍ ഇനിയും നടപടി വൈകിയാല്‍ സര്‍ക്കാരിന് വലിയ ദോഷമുണ്ടാകുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിനും സി.പി.ഐക്കുമുള്ളത്.











