ബെംഗളൂരു: ഗ്രേറ്റ ട്യൂന്‍ബെര്‍ഗ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ടൂള്‍ കിറ്റിനെതിരെയുളള കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരി ദിഷ രവിയാണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. സോലദേവനഹളളിയിലെ വീട്ടില്‍ വെച്ച് അറസ്റ്റിലായ ദിഷയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ് ട്യൂന്‍ബെര്‍ഗയുടെ ട്വീറ്റാണ് കേസിനാധാരം. ജനുവരി 26 ന് നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഗ്രേറ്റ ഒരു ടൂള്‍ കിറ്റ് രേഖ ട്വീറ്റു ചെയ്തു. കര്‍ഷക സമരങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അവര്‍ ചെയ്യേണ്ടതുമായ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് കിറ്റിലുണ്ടായിരുന്നത്. ഇന്ത്യയ്ക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാല ചരിത്രമുണ്ടെന്നും ഭരണഘടനാ ലംഘനം നടത്തിക്കൊണ്ടുളള അപകടകരമായ നയങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും അതില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഗ്രേറ്റ ഈ ട്വീറ്റ് പിന്‍വലിക്കുകയും പുതിയ ടൂള്‍ കിറ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
വിവാദമായ ഈ കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് പോലീസിന്റെ വാദം. ഇന്ത്യയെയും കേന്ദ്രസര്‍ക്കാരിനെയും അന്താരാഷ്ട്ര തലത്തില്‍ ആക്ഷേപിക്കുന്നതിനുളള ഗൂഢാലോചനയുടെ തെളിവാണിതെന്നും പോലീസ് പറയുന്നു. ഇതേ തുടര്‍ന്നുളള അന്വേഷണത്തന്റെ ഭാഗമായാണ് ഇപ്പോള്‍ ദിഷ രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.











