മസ്കത്ത്: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റിന് ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാന്‍. തങ്ങളുടെ പരമാധികാരത്തിന്റെ ഭാഗമായി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാനുള്ള ബഹ്റൈന്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഒമാന്‍ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചില അറബ് രാജ്യങ്ങള്‍ സ്വീകരിച്ച തന്ത്രപ്രധാന നടപടികള്‍ ഫലസ്തീന് ഭൂപ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം സ്ഥാപിക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തീരുമാനങ്ങള്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര്യ ഫലസ്തീന് രാജ്യം സ്ഥാപിതമാകാന്‍ സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നതായി ഒമാന്‍ പ്രസ്താവനയില്‍ പറയുന്നു. പശ്ചിമേഷ്യയിലും ലോകത്താകമാനവും ശാശ്വത സമാധാനം കാംഷിക്കുന്നവരുടെയും അറബ് രാഷ്ട്രങ്ങളുടെയും പൊതു ആവശ്യമായ ദ്വിരാഷ്ട്ര പരിഹാരമെന്ന നിര്‍ദേശത്തെ ഇത് ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
വെള്ളിയാഴ്ച ട്രംപ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈ സാ ആല് ഖലീഫ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു എന്നിവര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെത്തുടര്ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിക്കാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് 13ന് യു.എ.ഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബഹ്റൈനും സന്നദ്ധമായത്. സെപ്റ്റംബര്‍ 15ന് വൈറ്റ്ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവും കരാറില്‍ ഒപ്പുവെക്കും.