പ്രശസ്ത ഇറ്റാലിയന്‍ സംഗീത സംവിധായകന്‍ എനിയോ മോറിക്കോണ്‍ (91) അന്തരിച്ചു. റോമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഉണ്ടായ വീഴ്ച്ചയില്‍ കൈമുട്ടിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു. ലോകപ്രശസ്ത സ്‌ക്രീന്‍ കംപോസര്‍മാരില്‍ ഒരാളായ എനിയോ മോറിക്കോണ്‍ ദി അണ്‍ടച്ചബിള്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അമേരിക്ക, സിനിമാ പാരഡിസോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. റോമിലെ സംഗീത പ്രേമികള്‍ക്കിടയില്‍ മാസ്ട്രോ എന്നറിയപ്പെട്ടിരുന്ന മോറിക്കോണ്‍ ഏഴുപതിറ്റാണ്ടുകള്‍ക്കുള്ളില്‍ 500ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
രണ്ട് ഓസ്‌ക്കാര്‍ പുരസ്‌കാരങ്ങള്‍ക്കു പുറമെ ഗോള്‍ഡന്‍ ഗ്ലോബ്, ഗ്രാമി, ബാഫ്റ്റ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ‘ദി ഹേറ്റ്ഫുള്‍ എയിറ്റ് ‘ എന്ന ചിത്രത്തിലെ മികച്ച ഒറിജിനല്‍ സ്‌കോറിനുള്ള 2016 ലെ ഓസ്‌കാര്‍ ആയിരുന്നു അദ്ദേഹം അവസാനം നേടിയത്. ഇറ്റാലിയന്‍ സംവിധായകന്‍ സെര്‍ജിയോ ലിയോണുമായുള്ള കൂട്ടുകെട്ടാണ് എനിയോ മോറിക്കോയെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ത്തിയത്.