തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവര്‍ത്തനം പ്രതിസന്ധിയിലായ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയുടെ ഭാഗികമായ പ്രവര്‍ത്തനം നടക്കുന്നത് കനത്ത നഷ്ടം സഹിച്ചാണെന്ന് മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രണ്ടു വര്‍ഷമായി തുടര്‍ന്നുവരുന്ന അസംസ്‌കൃത വസ്തുക്കളുടെ അപര്യാപ്തത പാരമ്യത്തിലെത്തിയതോടെയാണ് 2020 ഓഗസ്റ്റ് ഒന്‍പതോടെ കമ്പനി കൊച്ചുവേളിയിലെയും തോന്നയ്ക്കലിലെയും ഫാക്ടറികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. തുടര്‍ന്ന് കൊവിഡ് പ്രതിസന്ധി കൂടിയായതോടെ കമ്പനിയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ലാതെയായി.
കമ്പനി അടച്ചിടലിലേക്ക് നീങ്ങിയതോടെ ആയിരത്തഞ്ഞൂറോളം കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണ് പ്രതിസന്ധിയിലായത്. സംസ്ഥാന സര്‍ക്കാരിന്റെയും വ്യവസായ മന്ത്രി ഇ.പി ജയരാജന്റെയും വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ജിയോളജി വകുപ്പ്, ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന നഷ്ടം സഹിച്ച് ഭാഗികമായി ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു . തൊഴില്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം ഫാക്ടറി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെ ശമ്പള കുടിശികയും ബോണസും ചേര്‍ത്ത് ഓരോ തൊഴിലാളികള്‍ക്കും 60,000 രൂപ വീതം സഹായധനമായി നല്‍കുകയും ചെയ്തെന്നും മാനേജ്മെന്റ് അറിയിച്ചു.
കൊവിഡ് പ്രതിസന്ധിയും വിപണിയിടിവും രണ്ടു വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പ്രശ്‌നങ്ങളും കാരണം ഇ.ഐ.സി.എലിന്റെ പ്രവര്‍ത്തനം രണ്ടു വര്‍ഷങ്ങളായി കനത്ത നഷ്ടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭാഗികമായ പ്രവര്‍ത്തനം കമ്പനിയെ വീണ്ടും നഷ്ടത്തിലേക്കാണ് നയിക്കുന്നത്. എങ്കിലും കമ്പനിയുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് ഉല്‍പ്പാദനവും ഘട്ടം ഘട്ടമായി മെച്ചപ്പെടുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.