തിരുവനന്തപുരം: ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് ഇഡിയുടെ നോട്ടീസ്. അബ്ദുല്‍ ലത്തീഫ്, റഷീദ്, അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ക്കാണ് ഹാജരാകാനായി ഇഡി നോട്ടീസ് അയച്ചത്.
നവംബര്‍ 18ന് ഹാജരാകാനാണ് നിര്‍ദേശം. അബ്ദുല്‍ ലത്തീഫ്, റഷീദ് എന്നിവര്‍ക്ക് ഇ.ഡി നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും ക്വാറന്റൈനില്‍ ആണെന്ന കാരണം പറഞ്ഞ് ഇരുവരും ഹാജരായിരുന്നില്ല.
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് നിലവില്‍ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലില്‍ കഴിയുകയാണ്. കോവിഡ് പരിശോധന ഫലം ലഭിച്ചശേഷം മാത്രമെ മറ്റ് പ്രതികളെ പാര്‍പ്പിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയുള്ളൂ. അതേസമയം സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക സെല്ലില്‍ തന്നെ വരും ദിവസങ്ങളിലും പാര്‍പ്പിക്കാനും ജയില്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.