താമസ വീസയുള്ളവര്‍ക്ക് എമിറേറ്റ്‌സ് ഐഡി കാര്‍ഡ് മാത്രം . പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപ് ചെയ്യുന്നത് ഒഴിവാക്കും
അബുദാബി : പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപ് ചെയ്യുന്ന സമ്പ്രദായം യുഎഇ അവസാനിപ്പിക്കുന്നു. പകരം എമിറേറ്റ്‌സ് ഐഡിയാകും വീസ വിവരങ്ങള്‍ക്കും ബാധകമാകുക. എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കും.
ഫെഡറല്‍ അഥോറിറ്റി ഫോര്‍ര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി പുറത്തു വിട്ട സര്‍ക്കുലര്‍ പ്രകാരം താമസ വീസയുള്ളവര്‍ക്ക് എമിറേറ്റ്‌സ് ഐഡി മാത്രം മതിയാകും വിമാനത്താവളങ്ങളിലും മറ്റും ഉപയോഗിക്കാന്‍.
എമിറേറ്റസ് ഐഡിയില്‍ ഉള്ള ചിപ് സ്‌കാന്‍ ചെയ്യുമ്പോള്‍ താമസ വീസയുടെ വിവരങ്ങള്‍ ലഭ്യമാകും.
പാസ്‌പോര്‍ട് നമ്പര്‍, എമിറേറ്റ്‌സ് ഐഡി എന്നിവ നല്‍കിയാല്‍ യുഎഇയിലേക്കുള്ള വിമാന യാത്രയും താമസ വീസയുള്ളവര്‍ക്ക് സാധ്യമാകും.
പ്രവാസികളുടെ പാസ്‌പോര്‍ട്ടിലാണ് താമസവീസ സ്റ്റാംപ് ചെയ്യുന്നത്. മെഡിക്കല്‍ ടെസ്റ്റ് പാസാകുന്നവര്‍ക്കാണ് പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപ് ചെയ്തു നല്‍കുന്നത്. ഇനി മുതല്‍ എമിറേറ്റ്‌സ് ഐഡി ലഭ്യമായാല്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാംപിംഗ് ഒഴിവാക്കാനാകും.
ഏപ്രില്‍ 11 നു ശേഷം വീസ പുതുക്കുന്നവര്‍ക്കും വീസ പുതിയതായി ലഭിക്കുന്നവര്‍ക്കും എമിറേറ്റ്‌സ് ഐഡി മാത്രം മതിയാകും.