മസനഗുഡി: തമിഴ്‌നാട്ടിലെ മസനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തി കൊന്നു. നാട്ടിലിറങ്ങിയ ആനയെ ഓടിക്കുന്നതിനായി തീക്കൊളുത്തിയെറിഞ്ഞ ടയര്‍ ആനയുടെ ചെവിയില്‍ കുരുങ്ങുകയായിരുന്നു. ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ആന ചരിഞ്ഞത്. സംഭവത്തില്‍ രണ്ട് റിസോട്ടുടമകളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ എട്ടുമാസമായി മസിനഗുഡിയിലെ ഗ്രാമങ്ങളിലൂടെ നടക്കുകയാണ് ആന. ഭക്ഷണവും വെള്ളവും തേടി ഗ്രമാത്തിലേക്ക് ഇറങ്ങിയതായിരുന്നു ആന. രാത്രിയില്‍ ഗ്രാമത്തിലെത്തിയ ആനയെ ഓടിക്കുന്നതിനായി ടയറില്‍ തീകൊളുത്തി എറിയുകയായിരുന്നു. അത് ആനയുടെ ചെവിയില്‍ കൊരുത്തുകിടന്നു. ഇതില്‍ നിന്ന് പൊളളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചരിഞ്ഞത്.
അഞ്ചുദിവസം മുമ്പാണ് പരിക്കേറ്റ ആന വനംവകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന തീരെ അവശ നിലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ചൊവ്വാഴ്ച ആന ചരിയുന്നത്.