നിയമവിരുദ്ധമായി കേരളത്തിലേക്ക് 200ല്‍പരം ആനകളെ കടത്തിയ അന്തര്‍ സംസ്ഥാന മാഫിയക്കെതിരെ നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള വനംവകുപ്പിന്റെ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ആനകളെ വില്‍പ്പന നടത്തിയതിലൂടെ നടന്ന കോടിക്കണക്കിന്ന് രൂപയുടെ നികുതി വെട്ടിപ്പിനെക്കുറിച്ചും അന്വേഷിക്കേണ്ടതാണെന്നും സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ വാഹനങ്ങളില്‍ കടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ആ നിയമങ്ങളെല്ലാം ലംഘിച്ച് വ്യാജ രേഖകള്‍ ചമച്ച് ഒറീസ്സ, ബീഹാര്‍, ആന്തമാന്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആനകളെ കേരളത്തിലേക്ക് കടത്തുകയാണ്.
200 ലധികം ആനകളെ കേരളത്തില്‍ വില്പന നടത്തിയതായി യൂ ട്യൂബ് വീഡിയോയില്‍ കൊല്ലത്തുള്ള ആനയുടമയും ആന വ്യാപാരിയുമായ വി.ഷാജി അവകാശപ്പെട്ടിരുന്നു. തൃശ്ശൂരിലെ ആന ഉത്സവ സംരക്ഷണ സഹായ സമിതിയുടെ പരാതിയെ തുടര്‍ന്ന് മുഖ്യ വനപാലകന്‍ (ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍) പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഷാജി, തിരുവനന്തപുരം സ്വദേശി വി.എം. പ്രശാന്ത് തുടങ്ങിയവര്‍ക്കെതിരെ കേസ്സെടുക്കുകയും 15 ആനകളെ കസ്റ്റഡിയില്‍ എടുക്കുകയും നെടുമങ്ങാട് പുനലൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
സമീപകാലത്തായി തിരുവനന്തപുരത്തും കൊല്ലത്തും ആനകൊമ്പ് കള്ളക്കടത്ത് വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ വലയിലായിരിക്കുന്ന സംഘത്തിന് ഇതിലുള്ള പങ്ക് വൈല്‍ഡ് ലൈഫ് ക്രൈം ബ്യൂറോ, സി.ബി.ഐ തുടങ്ങിയ ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.