തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം മറന്നാല്‍ പ്രചാരണവും വോട്ടെടുപ്പുമൊക്കെ കഴിയുമ്പോള്‍ ജില്ലയില്‍ രൂപപ്പെട്ടേക്കാവുന്ന മാലിന്യത്തിന്റെ അളവ് 501 ടണ്‍. ഹരിത കേരളം മിഷനാണ് ഇതു സംബന്ധിച്ച കണക്കു തയാറാക്കിയത്. പ്രചാരണത്തിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകവഴി ഈ മാലിന്യം കുന്നുകൂടുന്ന സ്ഥിതി പൂര്‍ണമായി ഇല്ലാതാക്കാമെന്നും ഹരിത തെരഞ്ഞെടുപ്പ് എന്നതു മനസില്‍ക്കണ്ടു വേണം പ്രചാരണമെന്നും ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അഭ്യര്‍ഥിച്ചു.
ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളിലായി 6402 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. മത്സരചിത്രം തെളിഞ്ഞതോടെ എല്ലാ വാര്‍ഡുകളിലും പ്രചാരണം പൊടിപൊടിക്കുകയാണ്. പ്രചാരണത്തിനായി പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഡിസ്പോസിബിള്‍ വസ്തുക്കളും ഉപയോഗിച്ചാല്‍ ഹോര്‍ഡിംഗുകളുടേതു മാത്രം 154 ടണ്‍ മാലിന്യമുണ്ടാകുമെന്നാണ് ഹരിത കേരളം മിഷന്റെ കണക്ക്. കൊടിതോരണങ്ങള്‍ കുന്നുകൂടിയാല്‍ 120 ടണ്ണോളമുണ്ടാകും. പ്ലാസ്റ്റിക് കുപ്പിവെള്ള ബോട്ടിലുകള്‍ 110 ടണ്‍ വരും. ഡിസ്പോസിബിള്‍ കപ്പുകള്‍, പാത്രങ്ങള്‍, നിരോധിത പ്ലാസ്റ്റിക് കവറുകള്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് 117 ടണ്‍ വേറെ. തെരഞ്ഞെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് കേന്ദ്രത്തിലും പരിസര പ്രദേശങ്ങളിലും സൃഷ്ടിക്കപ്പെടുന്ന മാലിന്യത്തിനു പുറമേയുള്ള കണക്കാണിത്.
ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ജില്ലയിലെ എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്നു ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ബാനറുകളും ബോര്‍ഡുകളും തുണിയിലും പേപ്പറിലും മറ്റു പ്രകൃതി സൗഹൃദ വസ്തുക്കളിലും മാത്രമാക്കണം. കൊടിതോരണങ്ങള്‍ നിര്‍മിക്കുമ്പോഴും പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കണം. കുപ്പിവെള്ളം ഉപയോഗിക്കുന്നതിനു പകരം ബബിള്‍ ടോപ്പ് ഡിസ്പെന്‍സറുകള്‍ സജ്ജമാക്കണം – കളക്ടര്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം കര്‍ശനമായി പാലിക്കണമെന്നു ഹൈക്കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തലീന്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. വോട്ടെടുപ്പിനു ശേഷം പോളിങ് സ്റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറും മറ്റു വസ്തുക്കളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.
വോട്ടെടുപ്പ് അവസാനിച്ച ഉടന്‍ അതതു സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പു പ്രചാരണ പരസ്യങ്ങള്‍ നീക്കംചെയ്തു നശിപ്പിക്കുകയോ പുനഃചംക്രമണം ചെയ്യുന്നതിനു ബന്ധപ്പെട്ട ഏജന്‍സികള്‍ക്കു കൈമാറുകയോ ചെയ്യണം. ഇവ നീക്കിയില്ലെങ്കില്‍ വോട്ടെടുപ്പ് അവസാനിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പരസ്യം നീക്കംചെയ്യുകയും ചെലവ് സ്ഥാനാര്‍ഥികളില്‍നിന്ന് ഈടാക്കുകയും ചെയ്യുമെന്നു കളക്ടര്‍ വ്യക്തമാക്കി.
വാഹനങ്ങള്‍ നാലില്‍ കൂടരുത്, പെര്‍മിറ്റ് നിര്‍ബന്ധം
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പരമാവധി നാലു വാഹനങ്ങള്‍ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
വെഹിക്കിള്‍ പാസ് ആവശ്യമുള്ളവര്‍ അതത് വരണാധികാരിയെ സമീപിക്കണം. മോട്ടോര്‍ വാഹന നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്കു മാത്രമേ പാസ് അനുവദിക്കൂ. വെഹിക്കിള്‍ പാസ് കാണത്തക്കവിധം വാഹനത്തില്‍ പതിപ്പിക്കണം. മൈക്ക് അനുമതി ആവശ്യമുള്ളവര്‍ വെഹിക്കിള്‍ പാസ് സഹിതം അതത് എസ്.എച്ച്.ഒ മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പോലീസ് അനുമതിയില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്വകാര്യ വാഹനങ്ങളില്‍ പ്രചാരണം നടത്താനും പാടില്ല. സ്ഥാനാര്‍ത്ഥിക്ക് സ്വന്തം വാഹനങ്ങളില്‍ സഞ്ചരിക്കുന്നതിന് വെഹിക്കിള്‍ പാസ് ആവശ്യമില്ല. എന്നാല്‍ ഈ വാഹനം പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
സ്ഥാനാര്‍ഥികളുടെ യോഗം ചേര്‍ന്നു
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകള്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ യോഗം ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയിലും കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവരുടെ യോഗം സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ എസ്. റാണി എന്നിവരുടെ അധ്യക്ഷതയിലുമാണ് ചേര്‍ന്നത്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ പാലിക്കേണ്ട നിബന്ധനകള്‍, പെരുമാറ്റച്ചട്ട ലംഘനം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ്, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പകര്‍പ്പ്, തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമര്‍പ്പിക്കുന്ന ഫോം എന്നിവ യോഗത്തില്‍ വിതരണം ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന യോഗത്തില്‍ എ.ഡി.എം വി.ആര്‍ വിനോദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍. വി സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.