തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ജീവനക്കാരുടെ മറ്റൊരു സഹകരണ സംഘത്തില്‍ കൂടി തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍. സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണ സംഘത്തില്‍ മാര്‍ച്ച് 10ന് തെരഞ്ഞെടുപ്പു നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കഴിഞ്ഞ 29-ന് സെക്രട്ടേറിയറ്റ് ക്യാന്റീന്‍ ഭരണ സമിതി തെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് സെക്രട്ടേറിയറ്റില്‍ രൂക്ഷമായ കോവിഡ് വ്യാപനമുണ്ടായത്. ഏതാണ്ട് 4200 ഓളം ജീവനക്കാരാണ് ദര്‍ബാര്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയത്. 60 ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ ധന-നിയമ വകുപ്പുകള്‍ നാലു ദിവസമായി അടച്ചിരിക്കുകയാണ്.
ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഹൗസിംഗ് സഹകരണ സംഘം മൂന്നാം തിയതി മുതല്‍ അടച്ചു. മറ്റൊരു സൊസൈറ്റിയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘവും ഇന്നലെ മുതല്‍ അടച്ചു. ഏതാനും ജീവനക്കാര്‍ക്ക് ഇവിടെയും കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണിത്. ഹൗസിംഗ് സംഘത്തില്‍ ആകെ 4900 വോട്ടര്‍മാരാണുള്ളത്.
ക്യാന്റീന്‍ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനെത്തിയവരില്‍ ഗണ്യമായൊരു ശതമാനം സെക്രട്ടേറിയറ്റിനു പുറത്തും മറ്റു ജില്ലകളിലെ ഓഫീസുകളിലും ഡപ്യൂട്ടേഷനിലുള്ള ജീവനക്കാരാണ്. സെക്രട്ടേറിയറ്റില്‍ കോവിഡ് പടര്‍ന്നതോടെ ഈ ജീവനക്കാര്‍ ജോലി ചെയ്യുന്ന ഇതര ഓഫീസുകളിലുള്ളവരും ആശങ്കയിലാണ്. അതേസമയം കോവിഡ് അതിരൂക്ഷമായി പടരുന്നതിനിടെ സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണ സംഘത്തിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജെ.ബെന്‍സിയും ജനറല്‍ സെക്രട്ടറി ടി.ശ്രീകുമാറും ആവശ്യപ്പെട്ടു.