ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലവിധത്തിലും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു വേണ്ട നിയമ ഭേദഗതികള്‍ വരുത്തിയാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ അഭിപ്രായത്തെ പിന്തുണച്ച് കൊണ്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രംഗത്തു വന്നിരിക്കുന്നത്. ഈ ആശയത്തില്‍ കാര്യമായ പഠനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വിവിധ തെരഞ്ഞെടുപ്പുകള്‍ വിവിധ കാലങ്ങളില്‍ നടക്കുന്നത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.