നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡും സംസ്ഥാനഘടകവും തമ്മിലുള്ള പ്രാരംഭ ചര്‍ച്ചകള്‍ നാളെ തുടങ്ങും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയിട്ടുണ്ട്. നിയമസഭ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും, ഡിസിസി പുനഃസംഘടനയും ചര്‍ച്ചയാകും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ ചര്‍ച്ചക്ക് പിന്നാലെ കേന്ദ്ര നിരീക്ഷണ സംഘം സംസ്ഥാനത്തെത്തും. 22, 23 തീയതികളില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേതാക്കളുമായി ചര്‍ച്ച നടത്തും.
അശോക് ഗെലോട്ട്, ജി പരമേശ്വര ,ലൂസീനോ ഫെലോറ എന്നിവര്‍ക്കാണ് കേരളത്തിന്റെ ചുമതല ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ്‌സംസ്ഥാന കോണ്‍ഗ്രസ്സില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അഴിച്ചുപണിയില്‍ മറ്റന്നാള്‍ ഹൈക്കമാന്‍ഡും കേരള നേതാക്കളുമായുള്ള ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന പദവിയെന്തായിരിക്കുമെന്നും വൈകാതെ അറിയാം. തദ്ദേശതോല്‍വിക്ക് ശേഷമുള്ള അഴിച്ചുപണിയെകുറിച്ചുള്ള ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്കെത്തിക്കണമെന്ന ആവശ്യമായിരുന്നു ഏറ്റവും ശക്തം. സംസ്ഥാനത്തെത്തിയ എഐസിസി പ്രതിനിധികളോട് ഘടകകക്ഷികളും ഇക്കാര്യം ഉന്നയിച്ചു.
















