സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വിജയം പ്രതീക്ഷിച്ച് മുന്നണികള്‍. സര്‍ക്കാരിന്റെ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയ പദ്ധതികളും നാട്ടില്‍ വലിയ മാറ്റമുണ്ടാക്കിയെന്നും അതുകൊണ്ട് തന്നെ വിജയം തങ്ങള്‍ക്കൊപ്പമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും. ഭൂരിപക്ഷം സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആയിട്ടുണ്ട്. യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് വിജയരാഘവന്‍ പറഞ്ഞു.
അതേസമയം, തികഞ്ഞ ശുഭാബ്ദി വിശ്വാസത്തോടുകൂടിയാണ് കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യക്ഷമമായ അഴിമതി രഹിതമായ സല്‍ഭരണമാണ്. അത് കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമേ സാധിക്കൂ. വലിയ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ രംഗത്ത് വരുമെന്ന വിശ്വാസമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെയാകും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടുന്ന എല്‍.ഡി.എഫിന്റെ പതിവ് ഈ തവണ ഒരു കടങ്കഥയായി മാറും. പലപ്പോഴും തെരഞ്ഞെടുപ്പില്‍ കൃത്രിമവും അട്ടിമറിയൊക്കെ നടത്താറുണ്ട്. അതുകൊണ്ട്, അണികള്‍ താഴേത്തട്ടില്‍ വരെ തികഞ്ഞ ജാഗ്രതയോടെയാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട എല്ലാ തയാറെടുപ്പും മുന്നൊരുക്കങ്ങളും കോണ്‍ഗ്രസ് പൂര്‍ത്തിയാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയമെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഘട്ടം ഘട്ടമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.ഇടത് വലത് മുന്നണികള്‍ ജനങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു. സ്വര്‍ണ്ണക്കടത്ത് എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. യു.ഡിഫിന്റെ വിശ്വാസത പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. ഇടതുമുന്നണിയും വലതു മുന്നണിയും ഒരുപോലെയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. എന്‍.ഡി.എ വന്നാല്‍ ചെയ്യുന്ന കാര്യങ്ങള്‍ അടങ്ങിയ വികസന രേഖയും ഉണ്ടാക്കി കഴിഞ്ഞു. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കി കഴിഞ്ഞു. മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള വലിയ പ്രചരണമാണ് ദേശീയ ജനാധിപത്യസഖ്യം നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.