ഒമാനിലെ ക്വാറി അപകടത്തില്‍ മരിച്ചത് മൂന്ന് ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി
മസ്‌കത്ത് : ഒമാനിലെ ഇബ്രിയില്‍ മാര്‍ബിള്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു ഇന്ത്യക്കാരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു, മാര്‍ച്ച് 27 നാണ് ഇബ്രിയില്‍ അപകടമുണ്ടായത്.
പതിനാലു പേരുടേയും മൃതദേഹങ്ങള്‍ ലഭിച്ചത് ദിവസങ്ങളുടെ തിരച്ചിലിനു ശേഷമാണ്. വലിയ മാര്‍ബിള്‍ കല്ലുകളും മണ്ണും അനവധി മണ്ണുമാന്തികള്‍ കൊണ്ടുവന്ന് പ്രവര്‍ത്തിച്ചാണ് നീക്കിയത്.
കല്ലുകള്‍ വെട്ടിപ്പൊളിച്ച് ചെറുതാക്കി മാറ്റിയ ശേഷമാണ് അതിന്നടിയില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദിവസങ്ങള്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനം കാണാതായ പതിന്നാലു പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്ത ശേഷമാണ് അവസാനിപ്പിച്ചത്.
കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധമായിരുന്നു. പലരേയും ഡിഎന്‍എ, ഫിംഗര്‍ പ്രിന്റ് തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞത്. ഇവരില്‍ 10 പേര്‍ പാക്കിസ്ഥാന്‍ പൗരന്‍മാരായിരുന്നു. 3 പേര്‍ ഇന്ത്യക്കാരും.
ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും എംബസി ഉദ്യോഗസ്ഥര്‍ എത്തിയാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് നാട്ടിലേക്ക് അയയ്ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
മരിച്ചവരുടെ പൗരത്വം ഒഴിച്ച് മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മരിച്ച ഇന്ത്യക്കാര്‍ ഏതു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന വിവരവും പുറത്തുവന്നിട്ടില്ല.












