ചലച്ചിത്ര അക്കാദമിയില്‍ വിവിധ പദവികള്‍ വഹിക്കുന്ന നാല് പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അക്കാദമി ചെയര്‍മാന്‍ കമല്‍ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്ത് നിയമസഭക്ക് അകത്തും പുറത്തും വിവാദത്തിന് വഴിവെച്ചു. കത്ത് അയച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന് കമല്‍ ഏറ്റുപറഞ്ഞെങ്കിലും അതിനൊപ്പം അദ്ദേഹം നടത്തിയ ന്യായീകരണങ്ങള്‍ യുക്തിസഹമല്ല.
സാംസ്‌കാരിക മന്ത്രി എ.കെ.ബാലന് കമല്‍ അയച്ച ശുപാര്‍ശ കത്തില്‍ സ്ഥിരനിയമനം നല്‍കുന്നതിനുള്ള യോഗ്യത വിശദീകരിക്കുന്ന വാചകം ഇങ്ങനെയാണ്; “ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ നിലനിര്‍ത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും.” നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാരിന് കീഴിലുള്ള പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് നിരന്തരം ആക്ഷേപങ്ങള്‍ ഉയരുന്നതിനിടയിലാണ് കമലിന്റെ ഈ ശുപാര്‍ശ. ഭരണവര്‍ഗ പാര്‍ട്ടിയുമായി അടുപ്പമുള്ളവരെ അന്യായമായി തിരുകികയറ്റുന്നതു മൂലം പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് അര്‍ഹമായ നിയമനം കിട്ടാതെ പോകുന്നുവെന്ന പരാതി പരിഹരിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചതായി അറിവില്ല. അതിനിടയിലാണ് ഭചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായ നിയമന ശുപാര്‍ശ ചെയര്‍മാന്‍ മന്ത്രിക്ക് സമര്‍പ്പിച്ചത്. വഴിവിട്ട നിയമനങ്ങള്‍ക്ക് ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തി ശുപാര്‍ശ കത്ത് എഴുതാന്‍ പോലും തയാറാകുന്ന നിലയിലേക്ക് നമ്മുടെ നിയമനരീതികള്‍ അത്രയേറെ അവ്യവസ്ഥിതമായി കഴിഞ്ഞോ?
ചലച്ചിത്ര അക്കാദമി ഇടതുസ്വഭാവമുള്ള സ്ഥാപനമാകണമെങ്കില്‍ അത് സിപിഎമ്മോ സിപിഐയോ പോലുള്ള ഇടതുലേബലുള്ള പാര്‍ട്ടികളുടെ പോഷക പ്രസ്ഥാനം ആയിരിക്കണം. പുരോഗമനസാഹിത്യ സംഘം ഇടതുസ്വഭാവമുള്ളതാണെന്ന് പറയുന്നതു പോലെ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഒരു സാംസ്‌കാരിക സ്ഥാപനത്തെ ഇടതുസ്വഭാവമുള്ളതായി വിശേഷിപ്പിക്കുന്നതിലെ യുക്തിയെന്താണ്? യൂണിവേഴ്സിറ്റികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ശാസ്ത്ര സാങ്കേതിക യൂണിറ്റുകളെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെ വിത്ത് വിതക്കാനുള്ള ഉപകരണങ്ങളാക്കി നിലവിലുള്ള കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നതിനെ വിമര്‍ശിക്കുന്നവര്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഒരു സാംസ്‌കാരിക സ്ഥാപനത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതില്‍ തികഞ്ഞ ഇരട്ടത്താപ്പാണുള്ളത്.
ഇടതുപക്ഷമാണ് ശരിയെന്നത് സാര്‍വലൗകിക സത്യം പോലെ അംഗീകൃതമായ കാര്യമല്ല. വലതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അവരുടെ നിലപാടാണ് ശരിയെന്ന് കരുതുന്നതിന് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. ആത്യന്തികമായി ഒരു സംവാദം ആവശ്യപ്പെടുന്ന വിഷയമാണ് അത്. നെഹ്റു പോലും ഇടതുചിന്ത പുലര്‍ത്തുന്നുവെന്ന കമലിന്റെ ന്യായവാദം അനുസരിച്ചാണെങ്കില്‍ ഇടതു ലേബല്‍ പതിപ്പിക്കപ്പെട്ടിരിക്കുന്ന ചില പാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയാണോ എന്നത് വിശദമായ ഒരു ചര്‍ച്ച തന്നെ ആവശ്യമുള്ള വിഷയമാണ്. നെഹ്റു ഇടതുചിന്താഗതിയുള്ളയാളാണെന്ന് വാദിക്കുന്ന അളവുകോല്‍ ഒന്ന് മാറ്റിപ്പിടിച്ചാല്‍ സ്റ്റാലിനിസത്തെയും സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തെയും പിന്തുണക്കുന്ന കമ്യൂണിസ്റ്റുകള്‍ ഇടതുപക്ഷമല്ല എന്ന വാദഗതിയിലേക്കു വരെ എത്താനാകും.
വലതുപക്ഷ രാഷ്ട്രീയമുള്ളവരെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏഴയലത്ത് അടുപ്പിക്കരുത് എന്നാണ് കമലിന്റെ നിലപാടെങ്കില്‍ കേരളത്തിലെ പ്രഗത്ഭരായ ചില എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഭ്രഷ്ട് കല്‍പ്പിക്കേണ്ടി വരും. മണ്‍മറഞ്ഞുപോയ അക്കിത്തവും സുഗതകുമാരിയും ഹിന്ദുത്വയുടെ രാഷ്ട്രീയത്തോട് അതായത് തീവ്രവലതുപക്ഷ ആശയധാരയോട് ആഭിമുഖ്യമുള്ളവരായിരുന്നു. അതിന്റെ പേരില്‍ അവരെ പോലുള്ള പ്രതിഭകളെ കേരളത്തിലെ സാംസ്‌കാരിക ലോകത്തിന് അവഗണിക്കാനാകുമോ? കേരളത്തിലെ ഇടതുപക്ഷ ലേബലുള്ള സാംസ്‌കാരിക പ്രമുഖര്‍ കൊലപാതക രാഷ്ട്രീയത്തോടും പരിസ്ഥിതി കൈയേറ്റത്തോടും നിശബ്ദത പുലര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാന്‍ മുന്നോട്ടുവന്നിരുന്നത് സുഗതകുമാരിയെ പോലുള്ള ‘തീവ്ര വലതുപക്ഷ’ക്കാരായിരുന്നു.
രാഷ്ട്രീയത്തിന്റെ ലേബലില്‍ പിന്‍വാതില്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുകയും അത് കൈയോടെ പിടിക്കപ്പെടുമ്പോള്‍ ഇടതുപക്ഷ ആശയങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണെന്ന വികടവാദം നിരത്തുകയും ചെയ്യുന്ന വര്‍ നമ്മുടെ സാംസ്‌കാരിക ലോകത്തിന് എന്ത് ഗുണമാണ് ചെയ്യുന്നത്?