തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തിന് വേണ്ട ഒത്താശ ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തിലൂടെ ലഭിക്കുന്ന തുക എവിടെ നിക്ഷേപിക്കണമെന്ന് നിര്‍ദേശിത്തതും ശിവശങ്കറാണ്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടുവെന്നും സ്വപ്‌നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നുവെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.
ലോക്കര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 11ന് ശിവശങ്കര്‍ വാട്സ്ആപ്പ് സന്ദേശം അയച്ചുവെന്നും വരുമാനം കൂടിയ സാഹചര്യത്തിലാണ് മൂന്നാമതൊരു ലോക്കര്‍ കൂടി തുടങ്ങാന്‍ തീരുമാനിച്ചതെന്നും ഇഡി വ്യക്തമാക്കി. പരിശോധനയില്ലാതെ നയതന്ത്ര ബാഗ് വിട്ട് കിട്ടുന്നതിന് കസ്റ്റംസ് ഓഫീസറെ വിളിച്ചുവെന്ന് ശിവശങ്കര്‍ സമ്മതിച്ചു. സ്വപ്‌നയുടെ ആവശ്യ പ്രകാരമാണ് വിളിച്ചതെന്ന് ശിവശങ്കര്‍ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.
ലൈഫ് മിഷന്‍ പദ്ധതി രേഖകള്‍ സ്വപ്നയ്ക്ക് കൈമാറിയത് ടെന്‍ഡര്‍ രേഖകള്‍ തുറക്കുന്നതിന് മുമ്പാണ്. ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിന്റെ ഈ നടപടിയെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ എതിര്‍ സത്യവാഗ്മൂലത്തിലാണ് ഇഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.