കോവിഡ് -19 ഭീതിയിൽ ലോകം വിറച്ചു നിൽക്കുമ്പോൾ പ്രതിസന്ധി വര്‍ദ്ധിപ്പിച്ച് എബോള രോഗബാധ വ്യാപിക്കുന്നു. റിപബ്ലിക് ഓഫ് കോംഗോയോടും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിനോടും ചേര്‍ന്നുള്ള ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തി മേഖലയിലാണ് ഇതിനോടകം 50 ഓളം പേര്‍ക്ക് എബോള സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നത് .മേഖലയിൽ ഇതുവരെ 20 പേർ വൈറസ് ബാധിച്ച് മരിച്ചു. ജൂണ്‍ ഒന്നിനാണ് ഇവിടെ വീണ്ടും രോഗം സ്ഥിരീകരിച്ചത്. 48 പേര്‍ ചികിത്സയിലാണെന്ന് ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗം വിദഗ്ധര്‍ വ്യക്തമാക്കി.കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
കോംഗോ നദിക്കരയിലുള്ള പ്രദേശത്താണ് രോഗം ഇപ്പോൾ സ്ഥിരീകരിചിരിക്കുന്നത് . ജോലിക്കായി വിദൂര പ്രദേശങ്ങളിലേക്ക് പോകുന്ന ആളുകളുടെ എണ്ണത്തിൽ അധികാരികൾക്ക് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് .1976 ൽ എബോള വൈറസ് കണ്ടെത്തിയതിനുശേഷം കോംഗോയിൽ ഉണ്ടായ പതിനൊന്നാമത്തെ വലിയ പകർച്ചവ്യാധിയാണിത്. കഴിഞ്ഞ മാസം 11,327 പേർക്ക് എബോള പ്രതിരോധ കുത്തിവയ്പ് നൽകിയതായി ലോകാരോഗ്യ സംഘടന പറയുന്നു. ഉയർന്ന പനി, വയറിളക്കം എന്നിവയാണ് എബോളയുടെ ലക്ഷണങ്ങൾ. രോഗിയുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെയാണ് വൈറസ് മറ്റുള്ളവരിലേക്ക് പകരുക. 2018 മുതൽ 2277 പേരാണ് വൈറസ് ബാധിച്ചു മരണപ്പെട്ടത്.
രോഗ നിയന്ത്രണത്തിനായി വാക്സിൻ ഉപയോഗിക്കുന്നതിനൊപ്പം പൊതു സ്ഥലങ്ങളിൽ കൈകഴുകാനുള്ള സൗകര്യവും വീടുതോറുമുള്ള അവബോധവും ആവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.