സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്, വികസിപ്പിച് റെയിൽവേയുടെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സംവിധാനത്തിന്റെ ഭാഗമായ ഇ – പാസ് മോഡ്യൂൾ വീഡിയോ കോൺഫറൻസിങ് വഴി റെയിൽവേ ബോർഡ് ചെയർമാൻ പ്രകാശനം ചെയ്തു.
റെയിൽവേയിൽ ഘട്ടംഘട്ടമായി പദ്ധതി പൂർണമായി നടപ്പാക്കും. ഇതോടെ റെയിൽവേ ജീവനക്കാർക്ക് പാസിനായി അപേക്ഷിക്കാൻ ഓഫീസിൽ വരികയോ പാസ് ലഭിക്കാനായി കാത്തിരിക്കുകയോ വേണ്ട. ജീവനക്കാർക്ക് എവിടെനിന്ന് വേണമെങ്കിലും ഓൺലൈനായി പാസിന് അപേക്ഷിക്കാൻ ആകും. ഓൺലൈനായി തന്നെ പാസ് എടുക്കാനും കഴിയും. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മൊബൈൽ ഫോൺ വഴി സാധ്യമാകും.
നേരത്തെയുള്ള പിആർഎസ്/യുറ്റിഎസ് കൗണ്ടർ ബുക്കിംഗ് സംവിധാനത്തിന് പുറമേ ഇ -പാസ്സ് മൊഡ്യൂൾ ഉപയോഗിച്ച് ഐആർസിടിസി സൈറ്റിൽ നിന്നും ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യാനും സാധിക്കും. ഇന്ത്യൻ റെയിൽവേയുടെ മുഴുവൻ മനുഷ്യവിഭവശേഷി പ്രവർത്തനങ്ങളും ഡിജിറ്റൈസ് ചെയ്യാനുള്ള സമഗ്ര പദ്ധതിയാണ് ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം. പദ്ധതിയുടെ ഭാഗമായ എംപ്ലോയി മാസ്റ്റർ, ഇ – സർവീസ് റെക്കോർഡ് മോഡ്യൂൾ എന്നിവ കഴിഞ്ഞവർഷം പുറത്തിറക്കിയിരുന്നു. ഏകദേശം 97 ശതമാനത്തോളം റെയിൽവേ ജീവനക്കാരുടെയും അടിസ്ഥാന വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തി കഴിഞ്ഞു.