പാലക്കാട്: നഗരസഭ ഓഫീസിന് മേല്‍ ജയ്ശ്രീ റാം തൂക്കിയ ബിജെപി നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്. ജയ്ശ്രീ റാം ഫ്‌ളക്‌സ് തൂക്കിയ സ്ഥാനത്ത് ദേശീയ പതാകയുടെ ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മറുപടി. പോലീസ് ഇടപെട്ടാണ് ദേശീയ പതാകയുടെ ഫ്‌ളക്‌സ് ഉയര്‍ത്തിയ പ്രവര്‍ത്തകരെ മാറ്റിയത്.
‘ ഇത് ആര്‍എസ്എസ് കാര്യാലയമല്ല,നഗരസഭയാണ്. ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്നെഴുതിയ ഫ്‌ളക്‌സുമായാണ് പ്രവര്‍ത്തകര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നയുടനെയാണ് ജയ്ശ്രീ റാം എന്നെഴുതിയ വിവാദപരമായ ഫ്‌ളക്‌സ് ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ ഓഫീസിന് മുകളില്‍ തൂക്കിയത്. ഫ്‌ളക്‌സില്‍ ശിവജിയുടെ ചിത്രവും മറ്റൊരു ഫ്‌ളക്‌സില്‍ മോജി-അമിത് ഷായുടെ ചിത്രവും ഉണ്ടായിരുന്നു. നഗരസഭയില്‍ ബിജെപി കേവല ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. സംഭവം വിവാദമായതിന് ശേഷവും സംഭവത്തെ ബിജെപി നേതാക്കളടക്കം പരസ്യമായി ന്യായീകരിക്കുകയായിരുന്നു. പോലീസ് പിന്നീട് കേസെടുത്തെങ്കിലും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരുന്നത്.










