മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വായനശാല ജൂണ്‍ 16 ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.
ദുബായ് : പുസ്തകത്തിന്റെ ആകൃതിയിലുള്ള ഏഴു നില കെട്ടിടത്തില്‍ അറിവിന്റെ അക്ഷരക്കൂട് ഒരുങ്ങുന്നു.
മുഹമദ് ബിന്‍ റാഷിദ് ലൈബ്രറിയുടെ മനോഹാരിത അതിന്റെ രൂപഘടനയില്‍ മാത്രമല്ല അതിന്റെ ഉള്ളടക്കത്തിലുമുണ്ട്. ഏഴു നിലയുള്ള കെട്ടിടം തുറന്നുവെച്ച പുസ്തകത്തിന്റെ രൂപത്തില്‍ ദുബായ് ക്രീക്കിലെ ജദ്ദാഫിലാണ് നിര്‍മിച്ചിട്ടുള്ളത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദാണ് ലൈബ്രറിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. ജൂണ്‍ പതിനാറിന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
പത്ത് ലക്ഷത്തില്‍ അധികം പുസ്തകങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഇതിനൊപ്പം വിജ്ഞാനത്തിന്റെ കൂടാരമാകാന്‍ ആറു ലക്ഷത്തിലധികം ഗവേഷണ പ്രബന്ധങ്ങളും ഇവിടെയുണ്ട്.
ഒമ്പതോളം ലൈബ്രറികള്‍ അടങ്ങുന്ന സമുച്ചയമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നൂറുകോടി ദിര്‍ഹം മുതല്‍ മുടക്കിയാണ് ഈ അക്ഷരക്കൂട് അണിയിച്ചൊരുക്കിയിട്ടുള്ളത്.
കുട്ടികള്‍ക്കായുള്ള ലൈബ്രറിയില്‍ വൈവിധ്യമാര്‍ന്ന പുസ്തക ശേഖരം തന്നെയുണ്ട്. പൊതുവിജ്ഞാനം, മീഡിയ, ആര്‍ട്‌സ്, ബിസിനസ്, ആനുകാലികങ്ങള്‍, യുഎഇയുടെ സംസ്‌കാരിക പശ്ചാത്തലം വിവരിക്കുന്ന പുസ്തകങ്ങള്‍ എന്നിവ അണിനിരക്കും
വായന പ്രോത്സാഹിപ്പിക്കാനും അറിവ് പകര്‍ന്നു നല്‍കാനും പങ്കിടാനും ഗവേഷകര്‍ക്കും മറ്റും സഹായകരമാകാനും പ്രകാശം വിതറുന്ന വിളക്കുമാടമായി ഇത് മാറുമെന്ന് ഷെയ്ഖ് മുഹമദ് ട്വിറ്ററില്‍ കുറിച്ചു.












