ദുബായ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്‌കൂള്‍ ബസുകളില്‍ ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കിയതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള ദുബായ് ടാക്‌സി കോര്‍പറേഷന്‍ അറിയിച്ചു. ശൈത്യ കാല അവധിയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തിലാണ്, വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഡിടിസി ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളിലേക്കെത്തിക്കുന്നതിനായി ഉപയോഗിക്കുന്ന ബസുകളിലും, മറ്റു അത്തരം വാഹനങ്ങളിലും, വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനും ആവശ്യമായ മുഴുവന്‍ നടപടികളും കര്‍ശനമായി നടപ്പിലാക്കുമെന്ന്് ഡിടിസി അറിയിച്ചു. ആഗോളതലത്തിലും, എമിറേറ്റിലും നിലവിലുള്ള വൈറസ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം, കൊവിഡ് പ്രതിരോധത്തിനായി ഏറ്റവും മികച്ചതും, നൂതനവുമായ മുന്‍കരുതല്‍ നടപടികളാണ് കൈക്കൊള്ളുന്നത്.
വീടുകളില്‍ നിന്ന് വിദ്യാലയങ്ങളിലേക്കും, തിരികെയുമുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതവും, ആസ്വാദ്യകരവുമായ അനുഭവമാക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഡിടിസി കൂട്ടിച്ചേര്‍ത്തു. ഇത്തരം വിട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷാ നടപടികള്‍ രക്ഷിതാക്കളില്‍ തങ്ങളുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആത്മവിശ്വാസം ഉയര്‍ത്തുന്നതിനും, അനാവശ്യ ആശങ്കകള്‍ അകറ്റുന്നതിനും സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുമായുള്ള ഓരോ യാത്രകള്‍ക്ക് മുന്‍പും, ശേഷവും മുഴുവന്‍ വാഹനങ്ങളിലും കൃത്യമായി അണുനശീകരണത്തിനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടണ്ട്.സുരക്ഷ മുന്‍നിര്‍ത്തി, ഓരോ വാഹനങ്ങളിലും പരമാവധി ശേഷിയുടെ 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമാണ് നിലവില്‍ അനുവാദിക്കുന്നത്. ഇത് സമൂഹ അകലം ഉറപ്പാക്കുന്നതിന് സഹായകമാകും.
വാഹനങ്ങളിലേക്ക് പ്രവേശനം നല്‍കുന്നതിന് മുന്‍പായി ഓരോ വിദ്യാര്‍ത്ഥിയുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നതുള്‍പ്പടെയുള്ള മുന്‍കരുതല്‍ നടപടികളും ഉറപ്പാക്കും. വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും, മേല്‍നോട്ടക്കാര്‍ക്കും കൊവിഡ് രോഗബാധയെക്കുറിച്ചും, പ്രതിരോധ നടപടികളെക്കുറിച്ചും കൃത്യമായ ബോധവത്കരണം നല്‍കിയിട്ടുണ്ടെന്നും, ഇത് സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായും ഡിടിസി വ്യക്തമാക്കി.