Web Desk
ദുബായ്: കൈയില്‍ കിട്ടിയ സമ്മാന പൊതി തുറന്നപ്പോള്‍ പതിനഞ്ചുകാരനായ പൃഥ്വിക് സിന്‍ഹ ഞെട്ടി. കവറിനുള്ളിലെ കത്തില്‍ യുഎഇ യുടെ ഔദ്യോഗിക മുദ്ര. ”ധൈര്യമായിരിക്കുക. താങ്കള്‍ ഇപ്പോള്‍ സ്വന്തം വീട്ടിലെ സുരക്ഷിതത്വത്തിലാണ്. താങ്കളുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഇതിന്റെ കൂടെയുള്ളത് എന്‍റെ ചെറിയ ഉപഹാരമാണ്. ചെറു പുഞ്ചിരിയോടെ പോരാടുക യോദ്ധാവേ” എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
യു.എഇ വൈസ് പ്രസിഡന്‍റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനെസ്സ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ദുബായ് സ്‌കൂള്‍ വിദ്യാര്‍ഥിയായ പൃഥ്വിക് സിന്‍ഹയ്ക്ക് കരുതലായി എത്തിയത്. ഗുരുതരമായ വൃക്ക രോഗം ബാധിച്ചു ചികിത്സയിലായിരുന്ന കുട്ടിയെ അടിയന്തരമായി വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ കാര്യങ്ങള്‍ അവതാളത്തിലായി. മകന്റെ അതേ രക്തഗ്രൂപ്പുകാരനായ പിതാവ് ഭാസ്‌കര്‍ സിന്‍ഹയായിരുന്നു വൃക്ക നല്‍കാനിരുന്നത്. ലോക്ഡൗണ്‍ നടപ്പാക്കിയതോടെ ഖത്തറില്‍ ആയിരുന്ന പിതാവിന് മകന്‍റെ അടുത്തെത്താന്‍ സാധിച്ചില്ല. ഇതോടെ കുട്ടിയുടെ ചികിത്സ മുടങ്ങി. അതുവരെ ചികിത്സ നടത്തി വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു കുടുംബം. മകന്‍റെ രോഗാവസ്ഥയില്‍ ഓടിനടന്ന് മാതാവ് ഇന്ദിരാ ദര്‍ചൗധരിയുടെ മീഡിയാ കണ്‍സള്‍ട്ടന്‍സി സ്ഥാപനവും നഷ്ടത്തിലായി.
കുടുംബത്തിന്‍റെ നിസ്സഹായവസ്ഥ അറിയാവുന്ന സുഹൃത്തുക്കളാണ് കാര്യങ്ങള്‍ അല്‍ ജലീല ഫൗണ്ടേഷനെ ധരിപ്പിച്ചത്. ഫൗണ്ടേഷന്‍ വഴി വിവരങ്ങള്‍ അറിഞ്ഞ ദുബായ് ഭരണാധികാരി ഉടന്‍ ഐപാഡും കത്തും പൂക്കളും അടങ്ങിയ സമ്മാനപ്പൊതി കൊടുത്തയക്കുകയായിരുന്നു. ഡയാലിസിസും വൃക്ക മാറ്റി വെക്കല്‍ ശാസ്ത്രക്രിയയും, തുടര്‍ചികിത്സയുമടക്കം സഹായങ്ങള്‍ ഷെയ്ഖ് മുഹമ്മദ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
പതിനെട്ടു വയസ്സിന് താഴെയുള്ള ലോകത്തിലെ 75 മിടുക്കരായ ഗണിതശാസ്ത്രജ്ഞരില്‍ ഒരാളാണ് പൃഥ്വിക് സിന്‍ഹ.തന്‍റെ മകന് ഇപ്പോള്‍ ലഭിച്ചത് പോലെയുള്ള കരുതല്‍ മറ്റ് എവിടെ നിന്നും നിന്നും ലഭിക്കില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കാരണമായ ഭരണാധികാരിക്ക് മാതാപിതാക്കള്‍ നന്ദി അറിയിച്ചു.