ജര്‍മനിയില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയയാളുടെ നഷ്ടപ്പെട്ടെന്ന് കരുതിയ 33,600 യൂറോ കണ്ടെത്തി തിരികെ നല്‍കി ദുബായ് പോലീസ് മികവ് കാട്ടി.
ദുബായ് : തായ്‌ലാന്‍ഡിലേക്ക് വിനോദ യാത്രയ്ക്ക് പോകാന്‍ ദുബായ് വിമാനത്താവളത്തില്‍ ട്രാന്‍സിസ്റ്റ് വീസയില്‍ എത്തിയ ജര്‍മന്‍ യാത്രികന്റെ നഷ്ടപ്പെട്ടെന്ന് കരുതിയ 33,600 യൂറോ (ഏകദേശം 28 ലക്ഷം രൂപ) ദുബായ് പോലീസ് കണ്ടെത്തി ഉടമസ്ഥന് കൈമാറി.
ജര്‍മന്‍ യാത്രികനായ സീഗ്ഫ്രഡ് ടെല്‍ബാച്ചിന്റെ 33,600 യൂറോയാണ് ദുബായ് വിമാനത്താവളത്തില്‍ വെച്ച് നഷ്ടപ്പെട്ടത്.
പണം അടങ്ങിയ ബാഗ് ഇല്ലാതെ ഇദ്ദേഹം തായ്‌ലാന്‍ഡിലെത്തുകയായിരുന്നു. ഹോട്ടലില്‍ പണം നല്‍കാന്‍ ബാഗ്തിരഞ്ഞപ്പോഴാണ് തന്റെ ലഗേജില്‍ ചെറിയ ബാഗ് ഇല്ലെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത്.
യാത്ര തുടങ്ങിയ ഡസല്‍ഫ്രോഡിലും ട്രാന്‍സിസ്റ്റിന് ഇറങ്ങിയ ദുബായിയിലും അവസാനം ചെന്നിറങ്ങിയ ബാങ്കോക്കിലും എവിടെയാണ് ബാഗ് നഷ്ടപ്പെട്ടതെന്ന് എത്ര ആലോചിട്ടും ഇദ്ദേഹത്തിന് പിടികിട്ടിയില്ല.
വിനോദയാത്ര അവസാനിപ്പിച്ച് അടുത്ത വിമാനമേറി നാട്ടിലേക്ക് മടങ്ങവെ, ദുബായിലെത്തിയപ്പോഴാണ് ഇദ്ദേഹത്തിന്റെ ബാഗും പണവുമായി പോലീസ് ഉദ്യോഗസ്ഥന്‍ കാണാന്‍ കാത്തുന്നിന്നത്.
പണം അടങ്ങിയ ബാഗ് വിമാനത്താവളത്തില്‍ വെച്ച് കണ്ടെത്തിയ പോലീസ് ഇതിന്റെ ഉടമസ്ഥനെ തിരയുകയായിരുന്നു. എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്ത ടാഗ് ഉണ്ടായതിനാല്‍ വിമാന കമ്പനിയെ സമീപിച്ച് ഹാന്‍ഡ് ബാഗേജിലെ വിവരം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് സീഗ്ഫ്രഡാണ് ഉടമ എന്ന് മനസ്സിലാക്കിയത്.
അതിനിടെ ഇദ്ദേഹം ദുബായ് വിമാനമിറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം പോലീസിനെ അറിയിക്കുകയും ബാഗ് തിരികെനല്‍കുകയും ചെയ്യുകയായിരുന്നു.
ദുബായ് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമൂദ ബെല്‍ സുവെയ്ദ് അല്‍ അമേറിയാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്.
ദുബായ് വിമാനത്താവളത്തിലെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗത്തിന്റെ മേധാവി മേജര്‍ മുഹമദ് ഖലീഫ അല്‍ കമദ ബാഗ് ലഭിച്ചതും തിരികെ ഉടമസ്ഥനും നല്‍കിയതുമായ വിവരങ്ങള്‍ വിവരിച്ചു.
വിമാനത്താവളത്തില്‍ വെച്ച് നഷ്ടപ്പെട്ട ബാഗ് സുരക്ഷിതമായി ഉടസ്ഥന് തിരികെ ലഭിക്കാനിടയായത് സുരക്ഷാ ക്രമീകരണങ്ങളുടെ മികവു കൊണ്ടാണെന്നും ദുബായ് പോലീസിന്റെ കാര്യക്ഷമതയാണ് ഇതു കാണിക്കുന്നതെന്നും പണം തിരികെ ലഭിച്ച സിഗ്ഫ്രഡ് പറഞ്ഞു.