യു.എ.ഇ യില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ നടപടി കടുപ്പിച്ച് അധികൃതര്‍. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തതിനെതിരെ കടകളും വ്യാപാര സ്ഥാപനങ്ങളും അടപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടിയിലേക്ക് നീങ്ങി. സി.ഐ.ഡി.കള്‍ ഉള്‍പ്പെടെ സജീവമായി രംഗത്തുണ്ട്.
ദുബായ് ഇക്കണോമി ഡിപ്പാര്‍ട്‌മെന്റ് വിവിധ വകുപ്പുകളുമായി ചേര്‍ന്നു നടത്തുന്ന പരിശോധനകളും പുരോഗമിക്കുകയാണ്. ജീവനക്കാര്‍ മാസ്‌ക് ധരിക്കാതിരിക്കല്‍, അകലം പാലിക്കാതിരിക്കല്‍, സ്റ്റിക്കര്‍ പതിപ്പിക്കാതിരിക്കല്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ സ്ഥാപനം പൂട്ടിക്കുമെന്നാണ് താക്കീത്.
ഇതിനു പുറമേയാണ് പൊതുസ്ഥലങ്ങളില്‍ സി.ഐ.ഡി കള്‍ ചട്ടം ലംഘിക്കുന്നവരെ പിടികൂടുന്നത്. കരാമയില്‍ കഴിഞ്ഞദിവസങ്ങളില്‍ റസ്റ്ററന്റുകള്‍ക്കു മുന്നില്‍ നിന്നു ആളുകളെ പിടികൂടി. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാതെ അലക്ഷ്യമായി ഉപയേഗിക്കുന്നതിന് 3000 ദിര്‍ഹവും, കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങല്‍ ലംഘിച്ചു വസതിയില്‍ സ്വകാര്യ പാര്‍ട്ടി സംഘടിപ്പിച്ചതിന് പ്രവാസി യുവതിക്കു 10,000 ദിര്‍ഹവും പങ്കെടുത്ത ഓരോരുത്തര്‍ക്കും 5,000 ദിര്‍ഹം വീതവും പിഴ ചുമത്തിയതായി ദുബായ് പോലീസ് അറിയിച്ചു.
ചട്ടലംഘനത്തിന് സംഗീത ബാന്‍ഡിലെ അംഗങ്ങള്‍ക്കും അതിഥികള്‍ക്കും 5,000 ദിര്‍ഹം വീതം പിഴ ഒടുക്കേണ്ടി വന്നു്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരത്തില്‍ നിയമം ലംഘിച്ച് വിരുന്നു നടത്താനോ, ആളുകളെ ക്ഷണിക്കാനോ പാടില്ല. യോഗങ്ങള്‍ കൂടാനോ, പൊതു, സ്വകാര്യസ്ഥലങ്ങളില്‍ ഒത്തുകൂടാനോ അനുവദിക്കില്ലെന്നും സംഘടിപ്പിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹവും പങ്കെടുക്കുന്നവര്‍ക്ക് 5,000 ദിര്‍ഹം വീതവും പിഴ ചുമത്തുമെന്നും ദുബായ് പൊലീസ് സി.ഐ.ഡി ഡയറക്ടര്‍ ബ്രി.ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു. ഇത്തരത്തില്‍ നിയമലംഘനം കണ്ടാല്‍ ഉടന്‍ ദുബായ് പോലീസിനെ ബന്ധപ്പെടണമെന്ന് നിര്‍ദേശിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍- ഫോണ്‍: 901.


















