യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങള്‍ മാറിയ സാഹചര്യത്തില്‍ ജിഡിആര്‍എഫ്എ ഓഫീസുകളുടെ സമയക്രമത്തിലും മാറ്റം
ദുബായ് : ജനുവരി മൂന്നു മുതല്‍ ദുബായ് എമിഗ്രേഷന്‍ ഓഫീസുകള്‍ രണ്ട് ഷെഡ്യൂളുകളിലായി പ്രവര്‍ത്തി സമയം മാറ്റി. രാവിലെ 7.30 മുതല്‍ വൈകീട്ട് 7.30 വരെയാണ് എമിഗ്രേഷന്‍ ഓഫീസുളുടെ പ്രവര്‍ത്തി സമയം.
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ ഒന്നാം ഷിഫ്റ്റായും രാവിലെ 11 മുതല്‍ വൈകീട്ട് ഏഴു വരെ രണ്ടാം ഷിഫ്റ്റായും പ്രവര്‍ത്തിക്കും. എന്നാല്‍ വെള്ളിയാഴ്ച ആദ്യ ഷിഫ്റ്റ് രാവിലെ 7.30 ന് തുടങ്ങി ഉച്ചയ്ക്ക് 12 ന് അവസാനിക്കും. രണ്ടാം ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകീട്ട് ഏഴു വരെയാകും.
ശനിയും ഞായറും ഓഫീസ് അവധിയായിരിക്കുമെന്ന് ജിഡിആര്‍എഫ്എ മേധാവി ലഫ് ജന. മുഹമദ് അഹമദ് അല്‍ മര്‍റി അറിയിച്ചു.
യുഎഇയില്‍ നാലര ദിവസം പ്രവര്‍ത്തി ദിനമാക്കി കൊണ്ടുള്ള തൊഴില്‍ നിയമം 2022 ജനുവരി മൂന്നു മുതല്‍ നടപ്പിലായി. ആഴ്ചയില്‍ രണ്ടര ദിവസം അവധി ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎഇ ഇതോടെ മാറി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങുന്ന അവധി ഞായറാഴ്ച അവസാനിക്കും.