റമദാനില്‍ ആളുകള്‍ സക്കാത്ത് നല്‍കുന്നത് മുതലാക്കാന്‍ ശ്രമിച്ച യാചകനെ അറസ്റ്റു ചെയ്തപ്പോള്‍ കൈവശം 40,000 ദിര്‍ഹം
ദുബായ് : റമദാന്‍ മാസത്തില്‍ ആളുകള്‍ ഉദാരമായി സംഭാവന ചെയ്യുന്നത് മുതലെടുത്ത് വിസിറ്റ് വീസയില്‍ ഇതര രാജ്യങ്ങളില്‍ എത്തുന്നവര്‍ ഭിക്ഷാടനത്തിലൂടെ വന്‍തോതില്‍ പണം തട്ടുന്നത് പതിവാണ്.
യുഎഇ യാചക നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമാണ്. അശരണരായവര്‍ക്കും ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്കും പുനരധിവാസവും മറ്റ് സൗകര്യങ്ങളും നല്‍കുന്നതിനാല്‍ യാചക പ്രവര്‍ത്തികള്‍ക്ക് നിരോധനം ഉണ്ട്.
യാചകരുടെ പിന്നില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ ഉണ്ടെന്നതും യാചക നിരോധനത്തിന് കാരണമാണ്.
റമദാന്‍ മാസക്കാലയളവില്‍ യുഎഇയില്‍ സന്ദര്‍ശക വീസയിലെത്തി പണം യാചിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. സക്കാത്തിന്റെ ഭാഗമായി പണം നല്‍കുമെന്നതിനാല്‍ ഇത് മുതലെടുക്കാനാണ് യാചക സംഘങ്ങള്‍ എത്തുന്നത്.
ഇത്തരത്തില്‍ പണം പിരിക്കുന്നവരെ കണ്ടെത്തി നാടു കടത്തുകയാണ് പതിവ്. ഇക്കഴിഞ്ഞദിവസം കണ്ടെത്തിയ യാചകനില്‍ നിന്നും 40,000 ദിര്‍ഹം ( ഏകദേശം എട്ടു ലക്ഷം രൂപ) കണ്ടെത്തിയതായി ദുബായി പോലീസ് അറിയിച്ചു.
ഇയാളില്‍ നിന്ന് 500 ദിര്‍ഹത്തിന്റെ നോട്ടുകെട്ടുകളാണ് പോലീസ് കണ്ടെത്തിയത്. ഒപ്പം നിരവധി മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് മോഷ്ടിച്ചതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഏതു രാജ്യക്കാരനാണെന്നും മറ്റെന്തെങ്കിലും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോയെന്നതും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
നിരവധി ചാരിറ്റി സംഘടനകള്‍ മുനിസിപ്പാലിറ്റികളുമായി ചേര്‍ന്ന് പുനരധിവാസ, ഭക്ഷണ വിതരണ, ക്യാംപെയിനുകള്‍ ഇക്കാലയളവില്‍ വ്യാപകമായി നടത്തിവരുന്നുമുണ്ട്.
ഭിക്ഷ നല്‍കുന്നത് അനുകമ്പയുടെ വളരെ തെറ്റായ സമീപനമാണെന്നും സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകൃത ചാരിറ്റി സംഘടനകള്‍ക്ക് സംഭാവന നല്‍കുകയാണ് വേണ്ടതെന്നും അധികൃതര്‍ പറഞ്ഞു.
യാചക നിരോധന നിയമം അനുസരിച്ച് ഭിക്ഷയാചിക്കുന്നത് കുറ്റകരമാണ്. ഇത്തരത്തില്‍ കണ്ടെത്തുന്നവരുടെ കൈയ്യില്‍ നിന്ന് പണം കണ്ടുകെട്ടി ചാരിറ്റികള്‍ക്കായി വിനിയോഗിക്കും. ഇവരെ ജയില്‍ ശിക്ഷകഴിഞ്ഞ് ലൈഫ് ബാന്‍ ഏര്‍പ്പെടുത്തി നാടുകടത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.