ഒരു കാലഘട്ടത്തിലെ വ്യാപാര മാര്‍ഗമായിരുന്ന പത്തേമാരികള്‍ വീണ്ടും ദുബായ് തീരങ്ങളിലേക്ക് എത്തുകയാണ്
ദുബായ് : പ്രവാസികളും യുഎഇയും തമ്മിലുള്ള ആദ്യകാല പാലമായിരുന്നു പത്തേമാരികള്‍. മലബാറിന്റെ തീരങ്ങളില്‍ നിന്ന് കുരുമുളകും സുഗന്ധ വ്യഞ്ജനങ്ങളുമായി മരത്തടികളില്‍ നിര്‍മിച്ച പത്തേമാരികള്‍ ദുബായിയിലെ ദേയ് രയിലെ തീരമണയുമ്പോള്‍ പ്രവാസ ലോകത്തേക്ക് കാലെടുത്തുവെയ്ക്കുകയായിരുന്നു ഒരു തലമുറ.
ഇന്ന് ഇതര മാര്‍ഗങ്ങള്‍ വഴി യുഎഇയിലേക്ക് പ്രവേശനം സാധ്യമായപ്പോള്‍ പത്തേമാരികള്‍ പ്രവാസത്തിന്റെ പൊള്ളുന്ന കഥകളുമായി ചുരുങ്ങുകയായിരുന്നു.
വീണ്ടും മരത്തടികളില്‍ പണിത ഈ ജലയാനങ്ങള്‍ ദുബായിയുടെ
തീരമണയുമ്പോള്‍ കച്ചവടത്തിന്റെ വലിയൊരു വാതായനമാണ് തുറക്കുന്നത്.
അറേബ്യന്‍ നാടുകളിലേക്കും ഇതര അയല്‍ രാജ്യങ്ങളിലേക്കും പരമ്പരാഗതമായ വ്യാപാര മാര്‍ഗമാണ് ഈ പത്തേമാരികള്‍. അടുത്തിടെ പത്തേമാരികള്‍ക്ക് ദുബായ് തുറമുഖങ്ങളിലേക്ക് പ്രവേശനം അനുവദിച്ചതോടെ ആയിരത്തോളം പത്തേമാരികള്‍ ചരക്കുകളുമായി ദുബായ് ദെയ് രയിലെ ക്രീക്കിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുമടക്കം വിദേശ രാജ്യങ്ങളിലെ വ്യാപാരികള്‍ക്ക് ഇനി നേരിട്ട് ദുബായിയിലെ പ്രാദേശിക വിപണികളിലേക്ക് ചരക്കുകള്‍ എത്തിക്കാനാകും,
ദേയ് രയിലെ വാര്‍ഫേജ്, അല്‍ ഹംറിയ തുറമുഖം, ഷാര്‍ജ തുറമുഖം എന്നിവടങ്ങളിലേക്കാണ് ചരക്കുകള്‍ നേരിട്ടെത്തിക്കുന്നത്.
ജബല്‍ അലിയിലെ തുറമുഖം വഴി വന്‍കിട കപ്പലുകളില്‍ കണ്ടെയനര്‍ വഴി എത്തിച്ചിരുന്ന ചരക്കുകളില്‍ പഴം പച്ചക്കറി, തുണിത്തരങ്ങള്‍ എന്നിവയാണ് ചെറിയ അളവുകളില്‍ പത്തേമാരികളില്‍ എത്തുന്നത്.
ക്രീക്ക് വഴിയുള്ള വ്യാപാരം യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ദുബായ് കൗണ്‍സില്‍ ഫോര്‍ ബോര്‍ഡര്‍ ക്രോസിംഗ് പോര്‍ട്‌സ് സെക്യുരിറ്റി ചെയര്‍മാന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും പറയുന്നത്.
വ്യാപാരത്തിനൊപ്പം വിനോദ സഞ്ചാര മേഖലയ്ക്കും ഈ പത്തേമാരികള്‍ മുതല്‍ക്കൂട്ടാകും. യുഎഇയുടെ ചരിത്രവുമായി ഇഴപിരിയാതെ കിടക്കുന്ന ബന്ധമാണ് പത്തേമാരികള്‍ക്കുള്ളത്. ദുബായിയുടെ വളര്‍ച്ചയില്‍ പത്തേമാരികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രവാസ ലോകത്തിനും സമാനമായ ചരിത്രപശ്ചാത്തലവുമുണ്ട്,
ഈ സാഹചര്യത്തിലാണ് വ്യാപാരത്തിനൊപ്പം ചരിത്രവും സംസ്‌കാരികപരവുമായ ബിംബങ്ങളായി കാണാവുന്ന പത്തേമാരികളുടെ തിരിച്ചുവരവിന്റെ പ്രസക്തിയുള്ളത്.