തിരുവനന്തപുരം: കോവിഡ് 19 നെ നേരിടുന്നതില്‍ കേരളത്തിന്റെ ഭരണമികവ് സുപ്രധാന പങ്കുവഹിച്ചെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥനും നോബല്‍ സമ്മാന ജേതാവ് പ്രൊഫ.ജോസഫ് സ്റ്റിഗ്ലിറ്റ്‌സും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഭാവി വീക്ഷണത്തോടെ കേരളം ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇരുവരും.
മികച്ച രീതിയിലുള്ള ആസൂത്രണമാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലോകത്തെ പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ നേട്ടങ്ങളാണ് ഇവിടെയുള്ളത്. പങ്കാളിത്ത ജനാധിപത്യം, അധികാരവികേന്ദ്രീകരണം, വിദ്യാഭ്യാസം, ശാസ്ത്രാവബോധം എന്നിവ കേരളത്തിന്റെ മാതൃകാപരമായ നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മിതബുദ്ധി വ്യാപകമാകുന്നതോടെ നിരവധി ദൈനംദിന തൊഴിലവസരങ്ങള്‍ ഇല്ലാതാകും. ടൂറിസം, കൃഷി, നിര്‍മ്മാണം എന്നീ മേഖലകളിലാണ് കേരളത്തിന് ഏറെ സാധ്യതയുള്ളത്. കൊവിഡ് കാലം കഴിഞ്ഞാല്‍ ടൂറിസം ശക്തമായി തിരികെയെത്തുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനു ശേഷമുള്ള ലോകത്തിന്റെ വ്യത്യസ്തതകള്‍ മനസിലാക്കി വൈവിദ്ധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളം പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യത്തില്‍ ഇനിയുമേറെ ശ്രദ്ധ ചെലുത്തേണ്ടതിന്റെ പ്രാധാന്യമാണ് കോവിഡ് പഠിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യിലെ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ആരോഗ്യ വികസന മേഖലയെ ലക്ഷ്യം വച്ച് മൂന്ന് കാര്യങ്ങളാണ് നിര്‍ദേശിക്കാനുള്ളത്.
കേരളത്തില്‍ വികസനമെത്താത്തതും ദാരിദ്ര്യത്തിലാണ്ടതുമായ പ്രദേശങ്ങളുണ്ട്. അവിടെ വളരെ ദുര്‍ബലരായ ആരോഗ്യസ്ഥിതിയിലുള്ള ആളുകള്‍ ഉണ്ട്. അവിടത്തെ ആരോഗ്യഫലങ്ങള്‍ മറ്റ് പ്രദേശങ്ങളെക്കാള്‍ വളരെ മോശമാണ്. ഇത് പരിഹരിക്കണം. അതുപോലെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കാര്യങ്ങളെല്ലാം സുസ്ഥിരമായിരിക്കണം. കാലാകാലങ്ങളില്‍ ഉണ്ടാകുന്ന ആരോഗ്യ ആഘാതങ്ങളെ അഭിമുഖീകരിക്കാന്‍ സംസ്ഥാനം സജ്ജമായിരിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.












