ദുബായ്: ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ കേന്ദ്രീകരിച്ചു നിക്ഷേപങ്ങള്‍ നടത്തുന്ന യുഎഇയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ അമാനത്ത് ഹോള്‍ഡിങ്‌സിന്റെ വൈസ് ചെയര്‍മാനും എംഡിയുമായി യുവ സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിനെ വീണ്ടും തിരഞ്ഞെടുത്തു. വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും എംഡിയുമാണു ഷംഷീര്‍ വയലില്‍.
250 കോടി ദിര്‍ഹം നിക്ഷേപക മൂലധനമുള്ള അമാനത്ത് ഹോള്‍ഡിങ്‌സ് വൈസ് ചെയര്‍മാനായി 2017ലാണ് ആദ്യം നിയമിതനായത്. ദുബായ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയെ നേട്ടങ്ങളിലേക്ക് നയിക്കുന്നതിനു നേതൃത്വം നല്‍കി. കോവിഡ് വെല്ലുവിളികള്‍ നേരിടാനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. സൗദിയിലെ 300 കിടക്കകളുള്ള ഇന്റര്‍നാഷനല്‍ മെഡിക്കല്‍ സെന്റര്‍, അടിയന്തര സേവന ദാതാക്കളായ സുഖൂന്‍, ബഹ്റൈനിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ എന്നിവ അമാനത്തിനു കീഴിലാണ്.
യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനമായ താലീം, അബുദാബി യൂണിവേഴ്‌സിറ്റി, ദുബായിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി എന്നിവയിലെ സുപ്രധാന നിക്ഷേപത്തോടൊപ്പം ദുബായിലെ നോര്‍ത്ത് ലണ്ടന്‍ കോളജിയറ്റ് സ്‌കൂളിന്റെ റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ ഉടമസ്ഥാവകാശവും അമാനത്തിനാണ്. യുഎസ് ആസ്ഥാനമായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ‘ബിഗിന്‍’ ന്റെ ഓഹരികള്‍ വന്‍തോതില്‍ വാങ്ങാനുള്ള നടപടികളും അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു

















