താനിപ്പോൾ പൂർണ ആരോഗ്യവാനാണെന്നും കോവിഡ് ബാധിച്ചത് ഒരു തരത്തിൽ ഈശ്വരാനുഗ്രഹമാണെന്നും ഡൊണാൾഡ് ട്രംപ്. വൈറസ് ബാധിച്ചതിനാലാണ് തനിക്ക് റീജെനറോൺ എന്ന മരുന്നിനെ കുറിച്ച് ശഅറിയാനും ഉപയോഗിക്കാനും സാധിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
തന്റെ നിർദേശപ്രകാരമാണ് ചികിത്സയ്ക്ക് റീജെനറോൺ ഉപയോഗിച്ചതെന്നും ഏറെ പ്രയോജനപ്രദമായ മരുന്നാണ് റീജെനറോണെന്നും ട്രംപ് പറഞ്ഞു.
നാല് ദിവസം വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിൽ കഴിയേണ്ടി വന്നതായും വൈറ്റ് ഹൗസിൽ തന്നെ തുടരാനാണ് താനാഗ്രഹിച്ചതെങ്കിലും പ്രസിഡന്റായതിനാൽ മികച്ച ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനാലാണ് വൈറ്റ് ഹൗസിൽ നിന്ന് മാറിനിൽക്കേണ്ടി വന്നതെന്നും ട്രംപ് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
രാജ്യമൊട്ടാകെ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി റീജെനറോണിന്റെയും സമാനമായ മറ്റൊരു മരുന്നിന്റെയും ലഭ്യതസംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് വാക്സിന്റെ ലഭ്യതയ്ക്ക് യുഎസിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം തടസമാണെന്ന് പറഞ്ഞ ട്രംപ് പ്രസിഡന്റെന്ന നിലയിൽ കോവിഡിനെതിരെ സമയോചിതവും ഫലപ്രദവുമായാണ് താൻ പ്രവർത്തിച്ചതെന്നും കൂട്ടിച്ചേർത്തു.