ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഇന്ത്യയിലെ ചിലയിടങ്ങളില്‍ രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നത്.
ഇത് ഒഴിവാക്കുന്നതിനുള്ള നിലവിലെ ഏക പോംവഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവച്ച മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പുറത്തിറങ്ങുമ്പോള്‍ കര്‍ശനമായും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അല്ലാത്ത പക്ഷം ഈ മാഹാമാരിയെ തടയുക എളുപ്പമല്ലെന്നും ഇത് വലിയ വിപത്തിലേക്ക് ചെന്നെത്തിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
മൊഹാലി ആശുപത്രിയില്‍ നിന്ന് കോവിഡ് മുക്തരായ 10 പേര്‍ക്കാണ് ഈ ഒരാഴ്ച്ചയ്ക്കുള്ളില്‍ വീണ്ടും കോവിഡ് പോസിറ്റീവ് ആയത്. ഹിമാചല്‍ പ്രദേശിലും സമാനമായ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ രോഗമുക്തരായവര്‍ വീണ്ടും കോവിഡ് ലക്ഷണം കാണിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.
കോവിഡ് വ്യാപനത്തിന്‍റെ പ്രധാന കാരണം ജനങ്ങള്‍ തങ്ങളുടെ കുടുംബാംഗങ്ങള്‍, പ്രിയപ്പെട്ടവര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരോടൊപ്പം ഉണ്ടാകുമ്പോഴും അവരോട് സംസാരിക്കുമ്പോഴും മാസ്ക് ധരിക്കുന്നില്ല എന്നുള്ളതാണെന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി.