തിരുവനന്തപുരം: ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രകിയകള്‍ ചെയ്യാന്‍ അനുമതി നല്‍കിയ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. അത്യാഹിത വിഭാഗങ്ങളേയും കോവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. ഒ.പികള്‍ പ്രവര്‍ത്തിക്കുന്നില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല. എന്നാല്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്നും കിടത്തി ചികിത്സയെ പണിമുക്ക് ബാധിക്കില്ലെന്നും ഐഎംഎ വ്യക്തമാക്കി. ഡല്‍ഹി എയിംസ് അടക്കമുള്ള രാജ്യത്തെ കോവിഡ് ആശുപത്രികളില്‍ കറുത്ത ബാഡ്ജ് കുത്തി ഡോക്ടര്‍മാര്‍ പ്രതിഷേധിക്കും. കോവിഡ് ചികിത്സ മുടങ്ങില്ല.
മോഡേണ്‍ മെഡിസിനില്‍ ഡോക്ടര്‍മാര്‍ വര്‍ഷങ്ങളുടെ പഠനത്തിനും പരിശീലനത്തിനും ശേഷം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ആയുര്‍വേദ ബിരുദാനന്തര ബിരുദ സമയത്ത് കണ്ടുപഠിച്ച് ചെയ്യാമെന്ന ഉത്തരവ് വലിയ ദുരന്തം സൃഷ്ടിക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി.ടി സക്കറിയാസ് പറഞ്ഞു. പുതിയ നിര്‍ദേശം ആയുര്‍വേദത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.