തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് നോഡല്‍ ഓഫീസര്‍മാരുടെ കൂട്ടരാജി. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍കരെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടെയാണ് രാജി. അധിക ചുമതല ചെയ്യേണ്ടതില്ലെന്ന തീരുമാനം എടുത്ത ശേഷമാണ് ഡോക്ടര്‍മാര്‍ സ്ഥാനം ഒഴിഞ്ഞത്.
ആരോഗ്യ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാവിലെ രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌ക്കരിച്ച ശേഷമാണ് റിലേ സത്യാഗ്രഹം ആരംഭിച്ചത്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ ചുമതലകളില്‍ നിന്ന് രാജിവെക്കുമെന്നും കോവിഡ് ഇതര ഡ്യൂട്ടികള്‍ ബഹിഷ്‌ക്കരിക്കുമെന്നും സമരക്കാര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് പോലീസ് കേസെടുത്തതും ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചു.
ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. കെജിഎംസിടിഎക്ക് പുറമെ കെജിഒഎയും കെജിഎന്‍എയും പ്രതിഷേധ സമരത്തിനെത്തി. നഴ്‌സുമാര്‍ ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കുകയാണ്.