ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറഡോണയുടെ മരണം ഡോക്ടറുടെ ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പ്രതികരണം.
ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികിത്സകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിയെന്നും ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്ക മാധ്യമങ്ങളോട് പറഞ്ഞു. ചെയ്യാവുന്നതെല്ലാം ചെയ്തു. മറഡോണയുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത് അദ്ദേഹം തന്നെയാണ്. താനും മറഡോണയും തമ്മിലുള്ളത് സുതാര്യമായ ബന്ധമായിരുന്നു. ഒരു വലിയ വ്യക്തി മരിക്കുമ്പോള്‍ ഇത്തരത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവുമായി രംഗത്ത് വരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചികിത്സാ പിഴവെന്ന ആരോപണം ഉയര്‍ന്നതോടെ പിതാവിന് എന്ത് ചികിത്സയാണ് നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി മാറഡോണയുടെ മക്കളായ ഡെല്‍മയും ഗിയാന്നിനയും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും പോലീസ് റെയ്ഡ് നടന്നതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നവംബര്‍ 25-നാണ് 60-കാരനായ ഡീഗോ മറഡോണ അന്തരിച്ചത്. രണ്ടാഴ്ച മുന്‍പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. സുഖം പ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറംലോകമറിയുന്നത്.











