ബ്യൂണസ് ഐറിസ്: തലച്ചോറില്‍ രക്തം കടപ്പിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു. ശസ്ത്രക്രിയ പൂര്‍ത്തിയായി എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്നും മടങ്ങിയത്. ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിലേക്കാണ് മറഡോണയെ മാറ്റിയത്. താരം സുഖം പ്രാപിച്ച് വരുന്നുണ്ടെന്നും ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയമാണ് മറികടന്നതെന്നും അദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
അറുപതാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള വ്യക്തിയാണ് അറുപതുകാരനായ മറഡോണ. രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള രോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്.


















